ഭാവിയിൽ എല്ലാ സാമ്പത്തിക ഇടപാടും മൊബൈലിലൂടെ: അമിതാഭ് കാന്ത്

ന്യൂഡൽഹി ∙ മൂന്നുനാലു വർഷത്തിനുള്ളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും എടിഎമ്മും ഉപയോഗമില്ലാത്തതാകുമെന്നും എല്ലാ ധനകാര്യ ഇടപാടുകളും മൊബൈൽ ഫോണിലൂടെ ചെയ്യാനാവുമെന്നും നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്.

ഇന്ത്യയുടെ ജനസംഖ്യയിൽ 72 ശതമാനവും 32 വയസ്സിൽ താഴെയുള്ളവരായതിനാൽ മറ്റേതു രാജ്യത്തെക്കാളും മെച്ചം നമുക്കാവുമെന്നും അദ്ദേഹം നോയിഡയിൽ അമിറ്റി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ബഹുമതി സ്വീകരിച്ചുകൊണ്ടു പറഞ്ഞു. ലോകരാജ്യങ്ങളിൽ നൂറു കോടിയിലേറെപ്പേരുടെ ബയോമെട്രിക് വിവരം ശേഖരിച്ചിട്ടുള്ള ഏകരാജ്യം ഇന്ത്യയാണ്.

നൂറു കോടിയിലേറെ മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ടുകളും നമുക്കുണ്ട്. ഭാവിയിൽ മൊബൈൽ ഫോണിലൂടെ എല്ലാ സാമ്പത്തിക ഇടപാടും നമുക്കു നടത്താനാവും. വളർച്ചാനിരക്കിലും മറ്റാർക്കും നമുക്കൊപ്പമെത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.