Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഡുകളുടെ രാജ്യാന്തര ഉപയോഗം: ഉത്തരവ് നടപ്പാക്കാതെ ബാങ്കുകൾ

Debit-Card

തിരുവനന്തപുരം∙ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പു തടയുന്നതിന്റെ ഭാഗമായി കാർഡുകളുടെ രാജ്യാന്തര ഉപയോഗം റദ്ദാക്കാൻ റിസർ‌വ് ബാങ്ക് ഉത്തരവിറക്കി ഒരു വർഷം കഴിഞ്ഞിട്ടും പല ബാങ്കുകളും നടപ്പാക്കിയിട്ടില്ല. ഡാർക്നെറ്റിൽ നിന്നു ലഭിക്കുന്ന ക്രെഡിറ്റ് കാർഡ് ഡേറ്റ ഉപയോഗിച്ചു രാജ്യാന്തര ഇ–കൊമേഴ്സ് സൈറ്റുകൾ വഴി തട്ടിപ്പുകൾ വ്യാപകമായിട്ടും പല ബാങ്കുകളും റിസർവ് ബാങ്ക് നിർദേശം പൂർണമായും പാലിച്ചിട്ടില്ല.

രാജ്യാന്തര ഉപയോഗം സാധ്യമായ എല്ലാ ഡെബിറ്റ് കാർഡുകളും ആഭ്യന്തര ഉപയോഗത്തിലേക്കു മാത്രമായി പരിമിതപ്പെടുത്താനായിരുന്നു നിർദേശം. ഇതോടെ വിദേശ വെബ്സൈറ്റുകൾ, എടിഎമ്മുകൾ, സ്വൈപ്പിങ് മെഷീനുകൾ എന്നിവിടങ്ങളിൽ ഇവ ഉപയോഗിക്കാൻ കഴിയില്ല. രാജ്യാന്തര ഉപയോഗം ആവശ്യമെങ്കിൽ പ്രത്യേക അപേക്ഷ നൽകണമെന്നായിരുന്നു വ്യവസ്ഥ. ചില ബാങ്കുകൾ ഇതു പൂർണമായും നടപ്പാക്കുകയും ചെയ്തു. ഇനി പുതിയ കാർഡുകളിലും ഉപയോക്താവ് ആവശ്യപ്പെട്ടാൽ മാത്രമേ ‌സേവനം നൽകൂ. ബാങ്ക് ഉപയോക്താക്കളിൽ വലിയൊരു ശതമാനവും ഒരു തവണ പോലും രാജ്യാന്തര കാർഡ് ഉപയോഗം നടത്താത്തവരായതിനാൽ ഇവരെ സുരക്ഷിതമാക്കാൻ റിസർവ് ബാങ്ക് നിർദേശം പുറത്തിറക്കിയത്.

കാർഡ് ഇടപാടുകൾ നടത്തുന്നത് ഉടമതന്നെയാണെന്ന് ഉറപ്പുവരുത്താനായി ഫോണിലേക്കു മെസേജ് വരുന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്) രീതി വിദേശരാജ്യങ്ങളിലില്ല. ഇതുമൂലം രാജ്യത്തിനു പുറത്ത് ഉടമയുടെ അറിവില്ലാതെ കാർഡ് വിവരങ്ങൾ ഉപയോഗിച്ചു തട്ടിപ്പു നടത്തുന്നതു വർധിക്കുന്നതായാണു റിപ്പോർട്ട്. കാർഡിന് രാജ്യാന്തര ഉപയോഗിമില്ലെങ്കിൽ ബാങ്കിനോട് ആവശ്യപ്പെട്ടാൽ ആഭ്യന്തര ഉപയോഗത്തിനു മാത്രമായി പരിമിതപ്പെടുത്തി നൽകാൻ വ്യവസ്ഥയുണ്ട്.