ഹെഡ് കോൺസ്റ്റബിളിന്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയ പൊലീസുകാരൻ പിടിയിൽ

ഭോപ്പാൽ ∙ മാനഭംഗക്കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പേരിൽ പൊലീസ് ശക്തമായി വിമർശിക്കപ്പെടുന്ന മധ്യപ്രദേശിൽ ഹെഡ് കോൺസ്റ്റബിളിന്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. കോൺസ്റ്റബിൾ അജാബ് സിങ് (33) ആണ് അറസ്റ്റിലായത്.

കോടതിയിൽ ഹാജരാക്കിയ ഇയാളെ കസ്റ്റഡിയിൽ വിട്ടു. ഭോപ്പാലിലെ പൊലീസ് ക്വാർട്ടേഴ്സിൽ തൊട്ടടുത്ത വീടുകളിലാണ് അജാബും പരാതിക്കാരിയും താമസിക്കുന്നത്. മാനഭംഗ വിവരം പുറത്തുപറയരുതെന്ന് അജാബ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഒരാഴ്ച കഴിഞ്ഞ് ഭർത്താവിനോട് വിവരം പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്നു പരാതി നൽകുകയായിരുന്നു.