ആദായനികുതി റെയ്ഡ്: ശശികലയെ ചോദ്യം ചെയ്തേക്കും

ചെന്നൈ∙ കഴിഞ്ഞദിവസങ്ങളിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയെയും സഹോദരഭാര്യ ഇളവരശിയെയും ചോദ്യം ചെയ്യേണ്ടിവരുമെന്നും അതിനായി കോടതിയിൽ നിന്ന് അനുമതി വാങ്ങാനുള്ള തയാറെടുപ്പിലാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. അതിനിടെ, ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല, റെയ്ഡ് സംബന്ധിച്ചു തന്റെ അഭിഭാഷകനുമായി ചർച്ചകൾ നടത്തിയതായി വിവരമുണ്ട്. റെയ്ഡ് വിവരങ്ങൾ അടങ്ങിയ ദിനപത്രങ്ങൾ തേടിപ്പിടിച്ചു വായിക്കുന്നതായും ടിവിയിലെ റെയ്ഡ് വാർത്തകൾ എല്ലാം ശ്രദ്ധയോടെ നിരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ചോദ്യം ചെയ്യലിൽ ശശികലകുടുംബം നൽകിയ മറുപടികൾ തൃപ്തികരമല്ലെന്നും വെട്ടിപ്പ് നടത്തിയിട്ടില്ലെന്നു തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ സഹിതമാണു ഡൽഹിയിലെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിനു റിപ്പോർട്ട് നൽകിയിട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റിലെ മാനേജർ നടരാജനെ ഇന്നലെ ചോദ്യം ചെയ്തു. കൊടനാട് എസ്റ്റേറ്റ്, കഴ്സൺ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ നിന്നു കണ്ടെടുത്ത രേഖകളെക്കുറിച്ചാണ് അന്വേഷിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നോട്ടിസ് അയച്ചെങ്കിലും ശശികലയുടെ സഹോദരൻ ദിവാകരൻ ഹാജരായില്ല. ശശികലയുടെ അനന്തരവനും ജയ ടിവി എംഡിയുമായ വിവേക് ജയരാമൻ ഇന്നു ചോദ്യം ചെയ്യലിനായി ഹാജരായേക്കുമെന്നാണു വിവരം.