സ്ഥാനാർഥിയാകാൻ രണ്ടുപേർ; കുഴങ്ങി അണ്ണാഡിഎംകെ

ചെന്നൈ ∙ പളനിസാമി–പനീർസെൽവം പക്ഷങ്ങളിൽനിന്നുള്ള ഓരോരുത്തർ സ്ഥാനാർഥിത്വത്തിനായി കത്തു നൽകിയതോടെ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയം അണ്ണാഡിഎംകെയ്ക്കു കടുത്ത വെല്ലുവിളിയാകുന്നു. സ്ഥാനാർഥിനിർണയത്തിനായി ഇന്നു നടത്തുമെന്നറിയിച്ചിരുന്ന പാർലമെന്ററി കമ്മിറ്റി യോഗം വെള്ളിയാഴ്ചത്തേക്കു മാറ്റി. ഏപ്രിലിൽ റദ്ദാക്കിയ ഉപതിരഞ്ഞെടുപ്പിൽ പനീർസെൽവം വിഭാഗത്തിനായി രംഗത്തുണ്ടായിരുന്ന ഇ.മധുസൂദനൻ, മുൻ എംപിയും പാർട്ടി നോർത്ത് ചെന്നൈ സെക്രട്ടറിയുമായ ബാല ഗംഗ എന്നിവരാണു സ്ഥാനാർഥിത്വത്തിനായി അപേക്ഷ നൽകിയത്. മലയാളിവേരുകളുള്ള ബാല ഗംഗ മുഖ്യമന്ത്രി പളനിസാമിയുടെ വിശ്വസ്തനാണ്. പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും അനുരഞ്ജനശ്രമവുമായി രംഗത്തുണ്ടെങ്കിലും രണ്ടാം നിര നേതാക്കൾ വിട്ടുകൊടുക്കാൻ തയാറല്ല. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാലാണ്.

അതിനിടെ, ശശികലപക്ഷത്തുനിന്നുള്ള കൂടുതൽ നേതാക്കൾ ഔദ്യോഗികപക്ഷത്തേക്കു ചേക്കേറുന്നതാണു പളനിസാമിയുടെയും പനീർസെൽവത്തിന്റെയും ആശ്വാസം. കഴിഞ്ഞ ദിവസം എത്തിയ മൂന്ന് എംപിമാർക്കു പുറമേ, ഇന്നലെ രണ്ടുപേർകൂടി ഔദ്യോഗികപക്ഷത്തിന്റെ പാളയത്തിലെത്തി. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, വിമതനേതാവ് ദിനകരൻ ഇന്നു ബെംഗളൂരു ജയിലിലെത്തി ശശികലയെ കാണും. അതിനിടെ, തന്നോട് ആലോചിച്ചശേഷമാണ് എംപിമാർ കൂറുമാറിയതെന്ന പ്രസ്താവനയുമായി ദിനകരൻ രംഗത്തെത്തി. പ്രസ്താവന നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ പ്രതികരണം.