അഴിമതിക്കേസിൽ റാബറി ദേവിയെ ചോദ്യം ചെയ്തു

ബിഹാർ മുൻ മുഖ്യമന്ത്രി റാബറി ദേവി മകൾ മിസാ ഭാരതി എംപിയോടൊപ്പം പട്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരായപ്പോ‍ൾ.

പട്ന∙ ബിഹാർ മുൻ മുഖ്യമന്ത്രി റാബറി ദേവിയെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഭർത്താവും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്തു റെയിൽവേയുടെ ഹോട്ടലുകൾ സ്വകാര്യ ഗ്രൂപ്പിനു പാട്ടത്തിനു നൽകിയതിൽ അഴിമതി നടന്നെന്ന കേസിലാണു ചോദ്യംചെയ്യൽ.

മുൻപ് ആറുതവണ നോട്ടിസ് നൽ‌കിയെങ്കിലും അവർ ഹാജരായില്ല. ചോദ്യം ചെയ്യുന്നതിനു പട്നയിൽ സൗകര്യമൊരുക്കണമെന്ന ആവശ്യം അംഗീകരിച്ചതോടെയാണു സോണൽ ഓഫിസിൽ റാബറി ഹാജരായത്. മകൻ തേജസ്വി യാദവിൽ നിന്നു നേരത്തേ മൊഴിയെടുത്തിരുന്നു.