കൽക്കരിപ്പാടം അഴിമതി: മധു കോഡയ്ക്കും 3 പേർക്കും 3 വർഷം തടവ്

മധു കോഡ

ന്യൂഡൽഹി ∙ കൽക്കരിപ്പാടം വിതരണ അഴിമതിക്കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ ഉൾപ്പെടെ നാലു പേർക്കു പ്രത്യേക സിബിഐ കോടതി മൂന്നു വർഷംവീതം തടവുശിക്ഷ വിധിച്ചു. കൊൽക്കത്തയിലെ വിനി അയൺ ആൻഡ് സ്‌റ്റീൽ ഉദ്യോഗ് ലിമിറ്റഡ് (വിഐഎസ്‌യുഎൽ) എന്ന കമ്പനിക്ക് 50 ലക്ഷം രൂപ പിഴയും ജഡ്‌ജി ഭരത് പരാശർ ചുമത്തി.

കോഡയുടെ സുഹൃത്ത് വിജയ് ജോഷി, കൽക്കരി മന്ത്രാലയത്തിലെ മുൻ സെക്രട്ടറി എച്ച്.സി.ഗുപ്‌ത, ജാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറി എ.കെ.ബസു എന്നിവരാണു ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ. കോഡയും സുഹൃത്തും 25 ലക്ഷം രൂപവീതവും ഗുപ്‌തയും ബസുവും ഒരു ലക്ഷം രൂപവീതവും പിഴ നൽകണം. അപ്പീൽ നൽകുന്നതിനായി പ്രതികൾക്കു രണ്ടു മാസത്തേക്കു ജാമ്യമനുവദിച്ചു. വിഐഎസ്‌യുഎല്ലിനു കൽക്കരിപ്പാടം ലഭിക്കാൻ മധു കോഡയും ഉദ്യോഗസ്‌ഥരും മറ്റും ഗൂഢാലോചന നടത്തിയെന്നാണു കേസ്. യുപിഎ സർക്കാരിന്റെ കാലത്ത്, ജാർഖണ്ഡ് സർക്കാരിന്റെ ശുപാർശയില്ലാതെതന്നെ കമ്പനിക്കു കൽക്കരിപ്പാടം ലഭ്യമാക്കാനാണു കൈക്കൂലി കൊടുത്തത്.

പ്രതിപ്പട്ടികയിൽ നിന്ന് കമ്പനി ഡയറക്‌ടർ വൈഭവ് തുൾസ്യാൻ, ചാർട്ടേഡ് അക്കൗണ്ടന്റ് നവീൻ തുൾസ്യാൻ, സർക്കാർ ഉദ്യോഗസ്‌ഥരായ ബി.കെ. ഭട്ടചാര്യ, ബി.ബി.സിങ് എന്നിവരെ കോടതി നേരത്തേ ഒഴിവാക്കിയിരുന്നു.

ഒരു മാസത്തിനിടെ ജയിലിലായത് രണ്ടു മുൻ ചീഫ് സെക്രട്ടറിമാർ

സജാൽ ചക്രവർത്തി

ഒരു മാസത്തിനിടെ ജാർഖണ്ഡിലെ രണ്ടു മുൻ ചീഫ് സെക്രട്ടറിമാർ അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടു ജയിലിലായി. കാലിത്തീറ്റ, കൽക്കരിപ്പാടം അഴിമതിക്കേസുകളിലാണു മുൻ ചീഫ് സെക്രട്ടറിമാരായ സജാൽ ചക്രവർത്തി, എ.കെ.ബസു എന്നിവർ ജയിലിലായത്. പലാമു ജില്ലയിലെ രാജഹാരാ നോർത്ത്, ഇൗസ്റ്റ് കൽക്കരിപ്പാടങ്ങൾ കൊൽക്കത്തയിലെ വിന്നി അയൺ ആൻഡ് സ്റ്റീലിന് അനുവദിച്ച കേസിൽ ബസുവിനെ മൂന്നു വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. കാലിത്തീറ്റ കുംഭകോണക്കേസിൽ സജാൽ ചക്രവർത്തിക്കു നവംബർ 22ന് അഞ്ചുവർഷം കഠിനതടവു വിധിച്ചു റാഞ്ചി ജയിലിലടച്ചിരുന്നു.