ഒടുവിൽ ഹെഗ്‌‍ഡെ പറഞ്ഞു, മാപ്പ്

ന്യൂഡൽഹി ∙ ഭരണഘടന തിരുത്തുമെന്നും മതനിരപേക്ഷതയ്‌ക്കായി വാദിക്കുന്നവർ മാതാപിതാക്കളാരെന്ന് അറിയാത്തവരാണെന്നും പ്രസംഗിച്ചു വിവാദത്തിലായ കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത്‌കുമാർ ഹെഗ്‌ഡെ ലോക്‌സഭയിൽ മാപ്പു പറഞ്ഞു. ഹെഗ്‌ഡെയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിപക്ഷമുയർത്തിയ ബഹളത്തിൽ രാജ്യസഭ സ്‌തംഭിച്ചു. വിവാദ പരാമർശത്തെക്കുറിച്ച് ലോക്‌സഭയിൽ പ്രസ്‌താവന നടത്തിയ ഹെഗ്‌ഡെ, മാപ്പു പറയുന്നതു കൊണ്ടു മാനക്കേടുണ്ടാവില്ലെന്നു സ്‌പീക്കർ സുമിത്രാ മഹാജൻ പറഞ്ഞശേഷം മാത്രമാണു ക്ഷമാപണത്തിനു തയാറായത്.

സഭ ചേർന്നയുടനെ വിഷയമുന്നയിക്കാൻ കോൺഗ്രസ് സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ അനുമതി ചോദിച്ചു. മന്ത്രി പ്രസ്‌താവന നടത്തുമെന്നു സ്‌പീക്കർ അറിയിച്ചു. രാജ്യത്തെയും ഭരണഘടനയെയും ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്‌കറെയും ഏറെ ബഹുമാനിക്കുന്നുവെന്നും അനാദരം കാട്ടുന്ന പ്രശ്‌നമില്ലെന്നും ഹെഗ്‌ഡെ പറഞ്ഞു. പൗരനെന്ന നിലയ്‌ക്ക്, ഭരണഘടനാ ലംഘനം തനിക്ക് ആലോചിക്കാൻ പോലുമാവില്ല. എന്നാൽ, അങ്ങനെ പറഞ്ഞതുകൊണ്ടു മതിയാവില്ലെന്നും മാപ്പു പറയണമെന്നും കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന് സ്‌പീക്കർ ഇടപെട്ടു.

അംബേദ്‌കറോട് ആരും അനാദരം കാട്ടുന്ന പ്രശ്‌നമുദിക്കുന്നില്ല. ചിലപ്പോൾ ചിലർ ചിലതൊക്കെ പറയുകയും അത് ആരെയെങ്കിലും വ്രണപ്പെടുത്തുകയും ചെയ്യുന്നെങ്കിൽ, മാപ്പു പറഞ്ഞാൽ പരാമർശം നടത്തിയ വ്യക്‌തിയുടെ മാനത്തിന് ഇടിവുണ്ടാവുന്നില്ല– ഹെഗ്‌ഡെയോടായി സ്‌പീക്കർ പറഞ്ഞു. അപ്പോൾ, തന്റെ പരാമർശത്തെ വളച്ചൊടിച്ചതാണെന്നും ആർക്കെങ്കിലും നൊമ്പരമുണ്ടായെങ്കിൽ മാപ്പപേക്ഷിക്കുന്നെന്നും ഹെഗ്‌ഡെ പറഞ്ഞു.

രാജ്യസഭയിൽ രാവിലെ രണ്ടുതവണ ഹെഗ്‌ഡെയുടെ പരാമർശത്തിന്റെ പേരിൽ പ്രതിപക്ഷം ബഹളമുണ്ടാക്കി. ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരിഹസിച്ചതിന് ഭുപേന്ദർ യാദവ് നൽകിയ അവകാശ ലംഘന നോട്ടിസ് കാരണമാക്കി ഭരണപക്ഷവും ബഹളംവച്ചു. അവകാശലംഘന നോട്ടിസ് പരിഗണനയിലാണെന്ന് അധ്യക്ഷൻ എം.വെങ്കയ്യ നായിഡു അറിയിച്ചു.

എംപിമാർ ചട്ടങ്ങൾ ലംഘിക്കുന്നതാണു പ്രശ്നമെങ്കിൽ, മന്ത്രി ഭരണഘടനാലംഘനമാണു നടത്തിയതെന്നും ഹെഗ്‌ഡെയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നും കോൺഗ്രസിലെ ബി.കെ.ഹരിപ്രസാദ് പറഞ്ഞു. തീരുമാനത്തിന് ഒരുദിവസത്തെ സമയമാണ് കഴിഞ്ഞദിവസം ഭരണപക്ഷം ആവശ്യപ്പെട്ടതെന്നും അത് അവസാനിച്ചെന്നും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. മന്ത്രി ലോക്‌സഭയിലും പുറത്തും മാപ്പുപറഞ്ഞിട്ടുണ്ടെന്ന് പാർലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയൽ പറഞ്ഞു. എന്നിട്ടും പ്രതിപക്ഷം ബഹളം അവസാനിപ്പിക്കാതെവന്നതോടെ അധ്യക്ഷൻ നടപടികൾ നിർത്തിവച്ചു.