Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽവച്ച് വധശ്രമമുണ്ടായെന്ന് കേന്ദ്രമന്ത്രി; ക്രിമിനൽ ചിന്തയെന്ന് സിദ്ധരാമയ്യ

Hegde-Accident കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്‍ഡെയുടെ അകമ്പടി വാഹനത്തിൽ ട്രക്കിടിച്ചപ്പോൾ. ഹെഗ്ഡെ ട്വിറ്ററിൽ പങ്കുവച്ച ചിത്രം.

ന്യൂഡൽഹി∙ കർണാടകയിൽവച്ച് തന്നെ ട്രക്കിടിച്ചു കൊലപ്പെടുത്താൻ ശ്രമം നടന്നതായി കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത്‌കുമാർ ഹെഗ്ഡെ. ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രിയുടെ ആരോപണം. ഇതിനു പിന്നാലെ ഹെഗ്ഡെയുടെ ആരോപണം തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. അശ്രദ്ധമായി വാഹനമോടിച്ചതാകും അപകട കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ചയാണ് ഹെഗ്ഡെയുടെ വാഹനവ്യൂഹത്തിൽ കർണാടകയിൽവച്ച് ട്രക്കിടിച്ചത്. ഹാവേരി ജില്ലയിലെ റെനെബെന്നൂർ താലൂക്കിലുള്ള ഹളഗേരിയിൽവച്ച് തന്നെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു ഹെഗ്ഡെയുടെ ആരോപണം. തന്റെ എസ്കോർട്ട് വാഹത്തിൽ ട്രക്കിടിച്ച ചിത്രം സഹിതമാണ് ഹെഗ്ഡെ ട്വീറ്റ് ചെയ്തത്.

‘എന്റെ ജീവനെടുക്കാൻ അൽപം മുൻപു ബോധപൂർവം ശ്രമം നടന്നു. ഹാവേരി ജില്ലയിലെ റെനെബെന്നൂർ താലൂക്കിൽ ഹളഗേരിക്കു സമീപം ദേശീയപാതയിൽ ഒരു ട്രക്ക് എന്റെ വാഹനവ്യൂഹത്തിലിടിച്ചു. ഞാൻ സഞ്ചരിച്ച വാഹനത്തെയാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും എസ്കോർട്ട് വാഹനത്തിലാണ് ഇടിച്ചത്. വാഹനം നല്ല വേഗത്തിലായിരുന്നതിനാൽ മാത്രമാണ് ഞാൻ രക്ഷപ്പെട്ടത് – ഹെഗ്ഡെ ട്വിറ്ററിൽ കുറിച്ചു.

ട്രക്ക് ഡ്രൈവർ നസീറിന്റെ ചിത്രവും ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി, തനിക്കെതിരായ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. തെറ്റായ ദിശയിലാണ് ട്രക്ക് ഓടിയിരുന്നതെന്നും ഇതിനു പിന്നിലെ ഗൂഢാലോചന കർണാടക പൊലീസ് പുറത്തു കൊണ്ടുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. നസീർ പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം, അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിനു കാരണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. എന്നിട്ടും തന്നെ കൊല്ലാൻ ശ്രമിച്ചെന്ന് കേന്ദ്രമന്ത്രി ആരോപിക്കുന്നത് അദ്ദേഹത്തിന്റെ ക്രിമിനൽ ചിന്താഗതിക്ക് ഉദാഹരണമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

അശ്രദ്ധ പോലുള്ള കാരണങ്ങൾ കൊണ്ടാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്. അതെല്ലാം വധശ്രമമാണെന്നു കരുതുന്നത് ശരിയാണോ? മന്ത്രിയുെട ക്രിമിനൽ ചിന്താഗതിയാണ് ഇതു കാണിക്കുന്നത്. ബിജെപിയിലെ ചിലർ ക്രിമിനൽ ചിന്താഗതിയുള്ളവരാണ്. അതാണ് അവർ ഇങ്ങനെയെല്ലാം ചിന്തിച്ചുകൂട്ടുന്നത് – സിദ്ധരാമയ്യ പറഞ്ഞു.

related stories