Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ വെളിപ്പെടുത്തൽ: കുൽഭൂഷനെ തട്ടിയെടുത്ത് പാക്കിസ്ഥാനു കൈമാറി

Kulbhushan Jadhav

ന്യൂഡൽഹി∙ ചാരപ്രവർത്തനം ആരോപിച്ചു വധശിക്ഷയ്ക്കു വിധിച്ചു പാക്കിസ്ഥാൻ ജയിലിലടച്ച ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിനെ ഭീകരർ തട്ടിക്കൊണ്ടുപോയി പാക്ക് സൈന്യത്തിനു കൈമാറുകയായിരുന്നുവെന്നു വെളിപ്പെടുത്തൽ. ജയ്ഷുൽ അദ്‌ൽ എന്ന സംഘടനയിലെ ഭീകരൻ മുല്ല ഉമർ ഇറാനി ആണ് ഇറാനിലെ ഛാബഹർ തുറമുഖത്തിനു സമീപമുള്ള സർബസ് നഗരത്തിൽ നിന്നു ജാദവിനെ തട്ടിയെടുത്തു പാക്ക് സൈന്യത്തിനു കൈമാറിയത്.

ജാദവിനെ ചാരപ്രവർത്തനത്തിനിടെ പിടികൂടിയെന്ന പാക്ക് വാദത്തിന്റെ മുനയൊടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നതിനു പിന്നാലെ ജാദവിന്റെ കുറ്റസമ്മതമെന്ന പേരിൽ പുതിയ വിഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു. താൻ നാവിക സേനാ ഉദ്യോഗസ്ഥനാണെന്നും തന്നെ സന്ദർശിച്ച അമ്മയെയും ഭാര്യയെയും പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി ശകാരിച്ചുവെന്നും വിഡിയോയിൽ ജാദവ് പറയുന്നു. ഭീഷണിപ്പെടുത്തി റിക്കോർഡ് ചെയ്തതാണ് ഇതെന്നും ഇത്തരം പ്രവൃത്തികൾ ഗൂഢ ലക്ഷ്യത്തോടെയുള്ളതാണെന്നും ഇന്ത്യ പ്രതികരിച്ചതോടെ, ജാദവ് വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പോരു മുറുകി.

കൂടിക്കാഴ്ച കഴിഞ്ഞു പുറത്തേക്കിറങ്ങിയ അമ്മയെയും ഭാര്യയെയും പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി ശകാരിച്ചുവെന്നു ജാദവ് പറയുന്നതായി വിഡിയോയിലുണ്ട്. അത് കുൽഭൂഷൺ കണ്ടതെങ്ങനെയാണ്? – ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ ചോദിച്ചു. ജാദവിനെ തട്ടിക്കൊണ്ടുപോയ ജയ്ഷുൽ അദ്‌ൽ ഇറാനിലെ ബലൂചിസ്ഥാൻ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. ഇവർക്ക് ജമാഅത്തുദ്ദഅവ ഉൾപ്പെടെയുള്ള പാക്ക് ഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ട്. നാവിക സേനയിൽനിന്നു വിരമിച്ച് ഇറാനിൽ വ്യാപാരത്തിനെത്തിയ ജാദവിനെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയതാണെന്ന ഇന്ത്യൻ നിലപാട് ശരിവയ്ക്കുന്നതാണ് പുതിയ വിവരങ്ങൾ.