കൈകോർക്കുമോ: അക്കാര്യം കാലം തീരുമാനിക്കുമെന്ന് രജനിയും കമലും

ചെന്നൈ∙ രാഷ്ട്രീയത്തിൽ കൈകോർക്കുമോ എന്ന ചോദ്യത്തിനു രജനീകാന്തും കമൽഹാസനും പറഞ്ഞത് ഒരേ ഉത്തരം– കാലം മറുപടി പറയും. ചെന്നൈയിൽ മാധ്യമപ്രവർത്തകരോടാണു രജനി പ്രതികരിച്ചതെങ്കിൽ ആനന്ദവികടൻ വാരികയിലെ കോളത്തിലാണു കമൽ നയം വ്യക്തമാക്കിയത്. രജനിയുമായി യോജിച്ചു പ്രവർത്തിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഭാവിയിൽ അതുണ്ടാകുമോ എന്നു പറയാനാകില്ലെന്നും കമൽ സൂചിപ്പിക്കുന്നു. 

അതിനിടെ, ഭരണസംവിധാനം നേരെയാക്കുകയാണു രാഷ്ട്രീയത്തിൽ തന്റെ ആദ്യ ദൗത്യമെന്നു നടൻ രജനീകാന്ത് പറഞ്ഞു. 

സംസ്ഥാനത്തെ സംവിധാനമാണോ അതോ രാജ്യത്തെ ആകെയാണോ ഉദ്ദേശിച്ചതെന്ന ചോദ്യത്തിന്, തമിഴ്നാട് ശരിയാക്കുന്നതിനാണു പ്രഥമ പരിഗണനയെന്നായിരുന്നു മറുപടി. പാർലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും രജനി വ്യക്തമാക്കി.