പാക്കിസ്ഥാനെ പുകഴ്ത്തി മണിശങ്കർ അയ്യർ; വിവാദം

ന്യൂഡൽഹി∙ വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ വീണ്ടും. ഇത്തവണ, പാക്കിസ്ഥാനിലെ കറാച്ചിയിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യ–പാക്ക് ബന്ധങ്ങൾ സംബന്ധിച്ചു നടത്തിയ പരാമർശമാണു വിവാദമായത്. ‘ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയങ്ങൾ പരിഹരിക്കാൻ ഒരേയൊരു വഴിയേയുള്ളു– മുടങ്ങാത്തതും മുടക്കാനാവാത്തതുമായ ചർച്ച. ഞാൻ അഭിമാനിക്കുന്നു, എന്നാൽ പകുതി സങ്കടപ്പെടുകയും ചെയ്യുന്നു– ഈ മൂന്നു വാക്കുകൾ പാക്കിസ്ഥാൻ നയമായി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ നയമായി സ്വീകരിച്ചിട്ടില്ല.’ അയ്യരുടെ ഈ പ്രസ്താവന ജനക്കൂട്ടം കരഘോഷത്തോടെ സ്വീകരിച്ചു.

‘ഇന്ത്യയെ സ്നേഹിക്കുന്നതുകൊണ്ട് ഞാൻ പാക്കിസ്ഥാനെയും സ്നേഹിക്കുന്നു. അയൽക്കാരനെ ഇന്ത്യ തന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഇന്ത്യയോടുള്ള സമീപനത്തിൽ പാക്കിസ്ഥാൻ ഏറെ മുന്നേറിയിട്ടുണ്ട്. എന്നാൽ നാമമാത്രമായ മാറ്റമേ തിരിച്ചുണ്ടായിട്ടുള്ളൂ’– അദ്ദേഹം തുടർന്നു. കശ്മീർ, ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള ഭീകരപ്രവർത്തനം എന്നിവയാണു പരിഹാരം കാണേണ്ട രണ്ടു പ്രധാന പ്രശ്നങ്ങൾ. പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ സർക്കാർ രൂപം കൊടുത്ത ചട്ടക്കൂടു സ്വീകരിക്കുകയാണ് ഇരുരാജ്യങ്ങളും ചെയ്യേണ്ടതെന്നും അയ്യർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി‌യെ ‘അധമൻ’ എന്നു വിശേഷിപ്പിച്ചതാണു സമീപകാലത്ത് അയ്യരുണ്ടാക്കിയ പുകിൽ. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരർ സൈനിക ക്യാംപ് ആക്രമിച്ച പശ്ചാത്തലത്തിൽ, സ്വന്തം രാജ്യത്തെ തന്നെ വിമർശിക്കുന്ന ഇപ്പോഴത്തെ പരാമർശങ്ങൾ അയ്യരേക്കാൾ കോൺഗ്രസിനെയാണു ബുദ്ധിമുട്ടിക്കുക.