കശ്മീർ: പട്ടാളക്കാർക്കെതിരെ പൊലീസ് നടപടി വിലക്കി സുപ്രീം കോടതി

ന്യൂഡൽഹി ∙ മേജർ ആദിത്യകുമാർ അടക്കമുള്ള കരസേനാ ഓഫിസർമാർക്കെതിരെ ബലപ്രയോഗം വേണ്ടിവരുന്ന നടപടികൾ എടുക്കരുതെന്ന് കശ്മീർ സർക്കാരിനും പൊലീസിനും സുപ്രീം കോടതി നിർദേശം നൽകി. ഷോപ്പിയാനിൽ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നു സൈനികരെ രക്ഷിക്കാൻ വെടിവയ്പ് നടത്തിയതിനെ തുടർന്നു മൂന്നു സ്ഥലവാസികൾ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലാണ് മേജർ ആദിത്യകുമാർ അടക്കമുള്ള സൈനികർക്കെതിരെ കൊലക്കുറ്റം ചാർത്തി പൊലീസ് കേസെടുത്തത്.

സംസ്ഥാന പൊലീസിന്റെ നടപടിക്കെതിരെ ആദിത്യകുമാറിന്റെ പിതാവ് കേണൽ കരംവീർ സിങ് ആണ് കോടതിയിലെത്തിയത്. സിങ്ങിന്റെ പരാതിയുടെ പകർപ്പുകൾ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനും കശ്മീർ സർക്കാരിനും നൽകാൻ കോടതി നിർദേശിച്ചു. ഇരുവരുടെയും പ്രതികരണം രണ്ടാഴ്ചയ്ക്കകം ലഭിക്കണം.

ഇതിനിടെ, താൽക്കാലിക നടപടിയെന്ന നിലയിലാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഢ് എന്നിവർ ബലപ്രയോഗം വേണ്ടിവരാവുന്ന നടപടിക്കെതിരെ ഇടക്കാല ഉത്തരവു നൽകിയത്. പ്രത്യേക സൈനിക നിയമം നടപ്പാക്കിയിട്ടുള്ള പ്രദേശത്തു നിയമവിരുദ്ധമായി സംഘടിച്ച ജനക്കൂട്ടം ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന സൈനികരെ ആക്രമിക്കുകയായിരുന്നുവെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി.