തട്ടിപ്പ് തുടങ്ങിയത് 2016 ൽ; മോദി മൗനം വെടിയണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ ബാങ്ക് വായ്പാ തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിഷയത്തിൽ മോദി മൗനം വെടിഞ്ഞു വിശദീകരണം നൽകണമെന്നു രാഹുൽ ആവശ്യപ്പെട്ടു.

11,400 കോടിയുടെയല്ല, ചുരുങ്ങിയത് 22,000 കോടിയുടെ ക്രമക്കേടാണു നടന്നിരിക്കുന്നത്. 2016 നവംബർ എട്ടിനാണു തട്ടിപ്പ് ആരംഭിച്ചത്. രാജ്യത്തിന്റെ കൈവശമുള്ള പണം മുഴുവൻ അന്ന് മോദി ബാങ്കിലിട്ടു. ഇപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അതു ബാങ്കിൽ നിന്നു മോഷ്ടിച്ചു. 

നോട്ട് നിരോധനമുൾപ്പെടെയുള്ള നടപടികളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മോദി തകർത്തു. ബാങ്കിങ് സംവിധാനം സുരക്ഷിതമാക്കാൻ അദ്ദേഹം ഇനി എന്താണു ചെയ്യാൻ പോകുന്നത്?

കേന്ദ്രസർക്കാരിന്റെ ഭാഗമായ ആളുകളുടെ അറിവോ സംരക്ഷണമോ ഇല്ലാതെ ഇത്രയും വലിയ ക്രമക്കേട് നടക്കില്ല. സംഭവത്തെക്കുറിച്ചു സംസാരിക്കാൻ വിവിധ മന്ത്രിമാരെ മോദി നിയോഗിക്കുന്നു. പക്ഷേ, സാമ്പത്തിക മേഖലയുമായി ബന്ധമുള്ള പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും മൗനം പാലിക്കുകയാണ്– രാഹുൽ കുറ്റപ്പെടുത്തി. നീരവ് മോദിയുമായി തനിക്കു ബന്ധമുണ്ടെന്ന ആരോപണം രാഹുൽ തള്ളി.