അതിർത്തി കടന്ന പാക്ക് ലഹരിമരുന്ന് കടത്തുകാരനെ വധിച്ചു

അമൃത്‌സർ∙ പാക്കിസ്ഥാൻകാരനായ ലഹരിമരുന്നു കടത്തുകാരനെ പഞ്ചാബിനോടു ചേർന്നുള്ള രാജ്യാന്തര അതിർത്തിയിൽ വധിച്ചു. ഇയാളുടെ പക്കൽ നിന്ന് പത്തു കിലോ ലഹരിവസ്തുക്കളും ചൈനീസ് പിസ്റ്റൽ, വെടിയുണ്ടകൾ, പാക്കിസ്ഥാൻ കറൻസി, മൊബൈൽ ഫോണുകൾ, പാക്ക് സിം കാർഡുകൾ തുടങ്ങിയവ കണ്ടെടുത്തു. ഫിറോസ്പുർ സെക്ടറിലെ ബറേക്കെ പോസ്റ്റിനടത്തു ബിഎസ്എഫും പഞ്ചാബ് പൊലീസും ലഹരികടത്തുകാർക്കും നുഴഞ്ഞുകയറ്റക്കാർക്കുമായി വല വിരിച്ചു കാത്തിരിക്കുകയായിരുന്നു.

അതിർത്തി കടക്കുകയായിരുന്ന രണ്ടു പാക്ക് ലഹരികടത്തുകാർ ഇന്ത്യൻ സുരക്ഷാഭടന്മാരെ കണ്ടയുടൻ വെടിവച്ചു. പ്രത്യാക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. രണ്ടാമൻ ഇരുളിന്റെ മറവിൽ പിന്തിരിഞ്ഞോടി. അതിർത്തിക്കടുത്തുനിന്ന് ലഹോർ നിവാസിയായ ഒരാളെയും പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരുന്നു. പാക്ക് അധീന കശ്മീരിലുള്ള അയൻ സഹീദ് (8) എന്ന ബാലൻ ഇന്ത്യൻ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ ജെ.പി.സിങ്ങിനെ വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധമറിയിച്ചു. ബാലനു നേരെ വെടിയുതിർത്ത ഇന്ത്യ‌ൻ സൈനിക പോസ്റ്റ് തകർത്തെന്നും അവിടെയുണ്ടായിരുന്ന രണ്ടു സൈനികരെ വധിച്ചെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ ഇന്ത്യ ഇതു നിഷേധിച്ചു.