ആകാശ് അംബാനിക്കു വധു രത്നവ്യാപാരിയുടെ മകൾ

ആകാശ് അംബാനി, ശ്ലോക മേത്ത

ന്യൂഡൽഹി∙ ആകാശ് അംബാനിയുടെ ഹൃദയാകാശത്തു വജ്രശോഭയോടെ ഇനി ശ്ലോക മേത്ത. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ, റിലയൻസ് വ്യവസായ സാമ്രാജ്യത്തിന്റെ ഉടമ മുകേഷ് അംബാനിയുടെ മകൻ ആകാശിന് ശതകോടികളുടെ ആസ്തിയുള്ള റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോകയാണു വധുവാകുന്നത്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്.

വിവാഹ നിശ്ചയം ഏതാനും ആഴ്ചകൾക്കുള്ളിലും വിവാഹം ഡിസംബറിലും നടക്കുമെന്നാണു പറയുന്നതെങ്കിലും ഇരു കുടുംബങ്ങളും ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ചടങ്ങ് ഇന്ത്യയിൽ തന്നെ നടത്തുമെന്ന് അടുത്ത ബന്ധു പറഞ്ഞു. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്. വിവാദ രത്നവ്യാപാരി നീരവ് മോദി ശ്ലോകയുടെ അമ്മയുടെ ബന്ധുവാണ്.

റിലയൻസ് ജിയോയുടെ ചുമതലയാണ് 26 വയസുകാരൻ ആകാശിന്. ആകാശിന്റെ ഇരട്ട സഹോദരി ഇഷ വിവാഹത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഇളയ സഹോദരൻ ആനന്ദ്.