കോൺറാഡ്: വടക്കുകിഴക്കിന്റെ പുതിയ സാങ്മ

ഷില്ലോങ് ∙ കോൺറാഡ് സാങ്മയ്ക്കു മേഘാലയയിൽ ഒരു പകരക്കാരനുണ്ടെങ്കിൽ അതു സഹോദരി അഗത സാങ്മയാണ്. തുറയിൽനിന്നുള്ള മുൽ എംപിയും മുൻ കേന്ദ്ര സഹമന്ത്രിയും. ഗാരോ കുന്നുകളുടെ പ്രിയങ്കരരായ കോൺറാഡ് സാങ്മയും അഗതയും ഒരിക്കൽ കൂടി മേഘാലയയുടെ ഗതി നിർണയിക്കുക പ്രാദേശിക പാർട്ടികളാണെന്നു തെളിയിച്ചുകൊടുത്തു. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയനായി മാറിയ മുൻ ലോക്സഭാ സ്പീക്കർ പി.എ.സാങ്മയുടെ മകനാണു മുഖ്യമന്ത്രിപദത്തിലേക്കു വരുന്ന കോൺറാഡ്. വയസ്സ് 40. സോണിയ ഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ് എൻസിപിയിലെത്തിയ പി.എ.സാങ്മ പിന്നീടു രൂപീകരിച്ച നാഷനൽ പീപ്പിൾ‍സ് പാർട്ടി (എൻപിപി)യുടെ അധ്യക്ഷനാണു കോൺറാഡ് സാങ്മ. 82% ക്രിസ്ത്യൻ വിഭാഗങ്ങൾ ജീവിക്കുന്ന മേഘാലയയിലെ പള്ളികളുടെ പ്രിയങ്കരൻ. 

ലണ്ടനിലും അമേരിക്കയിലും ഉന്നത പഠനം നടത്തിയ കോൺറാഡ് സാങ്മ പത്തുകൊല്ലം മുൻപാണു പ്രത്യക്ഷ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. തുറയിൽനിന്നു നിയമസഭയിലെത്തി ധന, ഊർജ, ടൂറിസം മന്ത്രിയായി. രാഷ്ട്രീയമാറ്റത്തിനൊടുവിൽ അടുത്ത വർഷം പ്രതിപക്ഷ നേതാവായി. അച്ഛന്റെ മരണ ശേഷം തുറയിൽ നിന്നുള്ള പാർലമെന്റ് അംഗമായി. 

രാഷ്ട്രീയത്തിലെ പുതിയ തലമുറയുടെ പ്രതിനിധിയാണു കോൺറാഡ്. കുടുംബ വാഴ്ചയെന്ന് എതിരാളികൾ ആക്ഷേപിക്കുമ്പോഴും ജനങ്ങളുടെ പ്രിയങ്കരരാണ് പി.എ.സാങ്മയുടെ മക്കൾ. കോൺറാഡിന്റെയും അഗതയുടെയും സഹോദരനും രാഷ്ട്രീയത്തിലുണ്ട്–നിയമസഭയിലെ പ്രതിപക്ഷ ചീഫ് വിപ്പ് ജയിംസ് സാങ്മ.