ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒളിവിൽ

ഷമിയും ഹസിൻ ജഹാനും വിവാഹവേളയിൽ

കൊൽക്കത്ത∙ ഭാര്യയുടെ പരാതിയിൽ വധശ്രമക്കേസ് എടുത്തതിനെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒളിവിൽ. വധശ്രമത്തിനു പുറമേ, ഗാർഹിക പീഡനം അടക്കം ജാമ്യമില്ലാ വകുപ്പുകളിലാണു ഷമിക്കെതിരെ കേസ്.  കൊൽക്കത്തയിലെ ജാദവ്പുർ പൊലീസ് സ്റ്റേഷനിൽ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതി പ്രകാരം ഷമിയുടെ നാലു കുടുംബാംഗങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വെള്ളിയാഴ്ച രാത്രിമുതൽ ഷമിയെക്കുറിച്ച് ആർക്കും വിവരമില്ല. ഫോൺ ഓഫ് ചെയ്തിരിക്കുകയാണ്. ന്യൂഡൽഹിയിൽനിന്നു വിമാനമാർഗം ഗാസിയാബാദിലെത്തിയ ശേഷമാണു ഷമിയെ കാണാതായത്. 

ഷമിക്കു വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ഏതാനും ദിവസം മുൻപ് ആരോപിച്ച ഹസിൻ ജഹാൻ, ഇന്നലെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തി. ഷമി സഹോദരൻ ഹസീബിന്റെ മുറിയിലേക്കു തന്നെ തള്ളിവിട്ടെന്നും ഹസീബ് തന്നോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചെന്നും ഹസിൻ പറയുന്നു. നിലവിളിച്ചതുകൊണ്ടാണ് അന്നു രക്ഷപ്പെട്ടത്. മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ചു ഷമിയോടു സംസാരിച്ചതിന്റെ ശബ്ദരേഖയും ഹസിൻ പുറത്തുവിട്ടു. 

ഷമി വിവിധ സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഹസിൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. തന്നെ അപകീർത്തിപ്പെടുത്താനുള്ള വൻ ഗൂഢാലോചനയെന്നാണു ഷമി ഇതേക്കുറിച്ചു പ്രതികരിച്ചത്. ആരോപണങ്ങളുയർന്നതിനെത്തുടർന്ന് ബിസിസിഐ പുതിയ കരാർപ്പട്ടികയിൽ ഷമിയെ ഉൾപ്പെടുത്തിയിട്ടില്ല. ഫാസ്റ്റ് ബോളറായ ഷമി ഇന്ത്യയ്ക്കായി 30 ടെസ്റ്റിൽ 110 വിക്കറ്റും 50 ഏകദിനങ്ങളിൽ 91 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.