ബിയാന്ത് സിങ് വധം: ജഗ്താർ സിങ് താരയ്ക്ക് ആയുഷ്കാല ജീവപര്യന്തം

ബിയാന്ത് സിങ്, ജഗ്താർ സിങ് താര

ചണ്ഡിഗഡ്∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജഗ്താർ സിങ് താരയ്ക്ക് ആയുഷ്കാല ജീവപര്യന്തം തടവുശിക്ഷ. ഇപ്പോൾ ബുരൈൽ ജയിലിൽ കഴിയുന്ന താരയ്ക്കു 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകില്ലെന്നു താരയുടെ അഭിഭാഷകൻ സിംരഞ്ജിത് സിങ് പറഞ്ഞു. വധശിക്ഷ നൽകണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.

1995 ൽ ബിയാന്ത് സിങ് അടക്കം 17 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടത്തിയതായി താര കോടതിയിൽ സമ്മതിച്ചിരുന്നു. അനീതി അനുവദിച്ചുകൊടുക്കരുതെന്നാണു സിഖ് ചരിത്രം തന്നെ പഠിപ്പിച്ചിട്ടുള്ളതെന്നും നിരപരാധികളായ സിഖ് യുവാക്കൾ കൂട്ടക്കൊല ചെയ്യപ്പെടുന്ന അന്നത്തെ സാഹചര്യം അസഹനീയമായിരുന്നുവെന്നുമായിരുന്നു താരയുടെ നിലപാട്. പഞ്ചാബ് പൊലീസ് കോൺസ്റ്റബിൾ ദിവാവർ സിങ് ആയിരുന്നു ചാവേർ.

15 പ്രതികളിൽ കുറ്റക്കാരായി പ്രഖ്യാപിക്കപ്പെട്ട ആറു പേരിൽ രണ്ടു പേർക്കു വധശിക്ഷയും മൂന്നു പേർക്കു ജീവപര്യന്തവും ഒരാൾക്കു 10 വർഷം തടവും കിട്ടി. ഒരാളെ വിട്ടയച്ചു. എട്ടാം പ്രതിയായിരുന്ന താര ജയിൽ ചാടി രാജ്യം വിട്ടുപോയെങ്കിലും 2015 ൽ തായ്‌ലൻഡിൽ പിടിയിലാവുകയായിരുന്നു. പിടികിട്ടാപ്പുള്ളികളായി ആറു പേരാണുള്ളത്.