ജോലി തട്ടിപ്പ്: പരാതിക്കാരുടെ ഇ–മെയിൽ ഹാക്ക് ചെയ്തു

ബെംഗളൂരു ∙ സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്തു മലയാളികളടക്കുള്ളവരെ കബളിപ്പിച്ച റിക്രൂട്മെന്റ് കമ്പനിക്കെതിരെ പരാതിപ്പെട്ടവരുടെ ഇ–മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി പരാതി. എലൈറ്റ് പ്രഫഷനലിനെതിരെയാണ് ഉദ്യോഗാർഥികൾ രംഗത്തെത്തിയത്. 

പരാതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഭീഷണി കോളുകൾ ലഭിക്കുന്നതിനു പിന്നാലെയാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തതെന്നു തട്ടിപ്പിന് ഇരയായവർ പറയുന്നു. ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട ഇ–മെയിലിൽനിന്നു ബാങ്കോക്ക്, തായ്‍ലൻഡ് അഹമ്മദാബാദ്, പുണെ എന്നിവിടങ്ങളിൽനിന്നു വിവിധ അക്കൗണ്ടുകളിലേക്ക് മുപ്പതോളം സന്ദേശങ്ങൾ അയച്ചിട്ടുമുണ്ട്. 

നഴ്സിങ് ഉൾപ്പെടെ വിവിധ ജോലികൾ വാഗ്ദാനം ചെയ്തു വ്യാജ വീസ നൽകിയെന്ന് ആരോപിച്ചു നാൽപതിലധികം മലയാളികൾ ഉൾപ്പെടെ 150 പേരാണു രംഗത്തുള്ളത്. നഴ്സിങ് വീസയ്ക്കായി 60,000 രൂപയാണ് ഓരോരുത്തരിൽനിന്നും ഈടാക്കിയത്. എറണാകുളത്തും ഇവർക്കെതിരെ പരാതികളുണ്ട്. പരാതികൾ ഏറിയതോടെ കമ്പനിയുടെ വെബ്സൈറ്റ് കഴിഞ്ഞദിവസം അപ്രത്യക്ഷമായിരുന്നു.