പാക്ക് നയതന്ത്ര ഉദ്യോഗസ്ഥനെതിരെ എൻഐഎ നോട്ടിസ്

ന്യൂഡൽഹി∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിരയുന്ന കുറ്റവാളികളുടെ പട്ടികയിൽ പാക്കിസ്ഥാന്റെ ശ്രീലങ്കയിലെ മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ അമീർ സുബൈർ സിദ്ദീഖും. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതിനു സിദ്ദീഖ് ഉൾപ്പെടെ നാലു പാക്ക് ഉദ്യോഗസ്ഥരെ പിടികൂടാൻ എൻഐഎ ഇന്റർപോളിന്റെ സഹായം തേടും.

2009 മുതൽ 2016 വരെ ശ്രീലങ്കയിൽ ജോലിചെയ്യുമ്പോഴാണു സിദ്ദീഖ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്. ചെന്നൈയിലെ യുഎസ് കോൺസുലേറ്റ്, ബെംഗളൂരുവിലെ ഇസ്രയേൽ കോൺസുലേറ്റ്, വിശാഖപട്ടണത്തെ നാവികസേനാ കിഴക്കൻ ആസ്ഥാനം, വിവിധ തുറമുഖങ്ങൾ എന്നിവ ചാരന്മാരുടെ സഹായത്തോടെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. 2012ൽ സിഐഡി അറസ്റ്റ് ചെയ്ത തമീം അൻസാരിയിൽ നിന്നാണു ഗൂഢാലോചനയുടെ വിവരങ്ങൾ ചോർന്നുകിട്ടിയത്.

അമീർ സുബൈർ സിദ്ദീഖ്

മുഹമ്മദ് സക്കീർ ഹുസൈൻ, അരുൺ സെൽവരാജ്, ശിവബാലൻ എന്നിവരെ ദൗത്യം ഏൽപിച്ചെങ്കിലും 2013ൽ സക്കീർ ഹുസൈൻ സിബിഐയുടെ പിടിയിലായി. കൂട്ടാളികളെ ഉപയോഗിച്ചു തമിഴ്നാട്ടിൽ വ്യാപകമായി കള്ളനോട്ട് വിതരണം ചെയ്തെന്നും സക്കീർ ഹുസൈൻ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഇസ്‌ലാമാബാദിലേക്കു മടങ്ങിയ സിദ്ദീഖിനെ പിടികൂടുന്നതിനു റെഡ് കോർണർ നോട്ടിസ് പുറത്തിറക്കാൻ ഇന്റർപോളിനോട് എൻഐഎ അഭ്യർഥിക്കും.