24 മണിക്കൂറിൽ തന്റെ ഉത്തരവു വീണ്ടും റദ്ദാക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ

ന്യൂഡൽഹി ∙ സുപ്രീം കോടതിയിലെ കേസുകൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ജോലി വിഭജനത്തിൽ ചീഫ് ജസ്റ്റിസിനുള്ള അധികാരത്തിൽ (മാസ്റ്റർ ഓഫ് റോസ്റ്റർ) വ്യക്തത ആവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസ് ജസ്തി ചെലമേശ്വർ അധ്യക്ഷനായ ബെഞ്ച് മുൻപാകെ പരാമർശിക്കാനുള്ള ശ്രമം ജഡ്ജി തന്നെ തടഞ്ഞു. ഇരുപത്തിനാലു മണിക്കൂറിൽ തന്റെ ഉത്തരവ് റദ്ദാക്കപ്പെടുന്നതു വീണ്ടും സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പരോക്ഷ ആരോപണമുള്ള മെഡിക്കൽ കോഴക്കേസ് അ​ഞ്ചു മുതിർന്ന ജഡ്ജിമാരുൾപ്പെട്ട ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്നു ജസ്റ്റിസ് ചെലമേശ്വർ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് കഴിഞ്ഞ നവംബർ ഒൻപതിന് ഉത്തരവിട്ടിരുന്നു. പിറ്റേന്നു തന്നെ ഈ ഉത്തരവിനെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അസാധുവാക്കുകയും ചെയ്തു. അന്ന് ഉത്തരവ് അസാധുവാക്കിയതിന്റെ കാരണം മനസ്സിലാക്കാൻ താൻ ബുദ്ധിമുട്ടുകയാണെന്നു ജസ്റ്റിസ് ചെലമേശ്വർ കഴിഞ്ഞയാഴ്ച ഒരു പൊതു സദസ്സിൽ വിമർശിച്ചിരുന്നു.

ചീഫ് ജസ്റ്റിസിന്റെ അധികാരത്തിൽ വ്യക്തത ആവശ്യപ്പെട്ടു മുൻ കേന്ദ്ര നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തിഭൂഷൺ നൽകിയ പൊതുതാൽപര്യഹർജി പ്രശാന്ത് ഭൂഷണാണു ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ച് മുൻപാകെ പരാമർശിക്കാൻ ശ്രമിച്ചത്. പൊതുതാൽപര്യ ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുൻപാകെ പരാമർശിക്കണമെന്നാണു വ്യവസ്ഥ. എന്നാൽ, ശാന്തിഭൂഷണിന്റെ ഹർജിയിൽ ചീഫ് ജസ്റ്റിസും എതിർകക്ഷിയായതിനാലാണു രണ്ടാമത്തെ കോടതിയിൽ പരാമർശം നടത്താൻ പ്രശാന്ത് ഭൂഷൺ ശ്രമിച്ചത്. ജസ്റ്റിസ് ചെലമേശ്വർ വിസ്സമ്മതിച്ചയുടനെ പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസിന്റെ കോടതിയിലെത്തി.

അടിയന്തര പ്രാധാന്യമുള്ള വിഷയമാണെങ്കിലും ഫയൽ ചെയ്ത് ഒരാഴ്ചയായിട്ടും ഹർജിക്കു റജിസ്ട്രിയിൽനിന്നു നമ്പർ ലഭിച്ചിട്ടില്ലെന്നും വിഷയം പരിഗണിക്കാൻ ജസ്റ്റിസ് ചെലമേശ്വർ വിസ്സമ്മതിച്ചെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. വിഷയം പരിശോധിക്കാമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജോലി വിഭജനത്തിൽ ചീഫ് ജസ്റ്റിസിനുള്ള അധികാരം ചോദ്യംചെയ്ത് അശോക് പാണ്ഡെയെന്ന അഭിഭാഷകൻ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസിന്റേതു സവിശേഷപദവിയാണെന്നും അദ്ദേഹത്തിന്റെ വിശ്വാസ്യതയെ സംശയിക്കാൻ പാടില്ലെന്നുമാണു ബെഞ്ച് വ്യക്തമാക്കിയത്. എന്നാൽ, ചീഫ് ജസ്റ്റിസിനുള്ള അധികാരത്തെക്കുറിച്ചുള്ള ഹർജി അദ്ദേഹം അധ്യക്ഷനായ ബെഞ്ച് തന്നെ തീർപ്പാക്കിയത് ഉചിതമായില്ലെന്ന് ഉന്നത ജുഡീഷ്യറിയിൽ നിന്നു വിരമിച്ച ചില ജഡ്ജിമാർ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

ചിലർ തനിക്കു പിന്നാലെയെന്ന് ജസ്റ്റിസ് ചെലമേശ്വർ ശാന്തിഭൂഷണിന്റെ ഹർജി പരിഗണിക്കാൻ വിസ്സമ്മതിച്ചപ്പോൾ ജസ്റ്റിസ് ചെലമേശ്വർ ഇങ്ങനെയും പറഞ്ഞു: ‘ഞാൻ എന്തോ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നു ചിലർ എനിക്കെതിരെ നിരന്തരമായ പ്രചാരണം നടത്തുന്നുണ്ട്. ഞാൻ ഈ ഹർജി പരിഗണിക്കാത്തതിന്റെ കാരണങ്ങൾ‍ സുവ്യക്തമാണ്. രാജ്യത്തിന് എല്ലാം മനസ്സിലാവും. രാജ്യം അതിന്റെ ഗതി തീരുമാനിക്കട്ടെ. രാജ്യത്തെയും സുപ്രീം കോടതിയിലെയും അവസ്ഥയെന്തെന്നു ഞാൻ ഈയിടെ (ചീഫ് ജസ്റ്റിസിന്) എഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു.’ സുപ്രീം കോടതിയിൽ നിലവിൽ സീനിയോറിറ്റി പട്ടികയിൽ ഒന്നാമതുള്ള ജസ്റ്റിസ് ചെലമേശ്വർ ജൂൺ 22നു വിരമിക്കും. ഇദ്ദേഹവും ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരുമാണു കഴിഞ്ഞ ജനുവരി 12നു പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെ വിമർ‍ശിച്ചത്.