Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആചാരങ്ങൾ തെറ്റെങ്കിൽ നടത്തേണ്ടത് ബോധവൽക്കരണം: ജസ്റ്റിസ് ചെലമേശ്വർ

Justice-Chelameswar വി. മൊയ്തീൻകോയ ഹാജി പുരസ്കാര സമർപ്പണത്തിന് കോഴിക്കോട്ടെത്തിയ ജസ്റ്റിസ് ജെ. ചെലമേശ്വർ സദസ്സിനെ വണങ്ങുന്നു. മുക്കം മോയി മോൻ, അവാർഡ് ജേതാവ് സി.പി. കുഞ്ഞുമുഹമ്മദ്, എം.പി. അബ്ദുസ്സമദ് സമദാനി എന്നിവർ സമീപം. ചിത്രം : മനോരമ

കോഴിക്കോട്∙ ആചാരങ്ങൾ തെറ്റാണെങ്കിൽ അതു മാറ്റാൻ നിർബന്ധിക്കുന്നതിനു പകരം ചർച്ചകളിലൂടെ ബോധവൽക്കരിക്കുകയാണു വേണ്ടതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വർ. ശക്തി പ്രയോഗിക്കുമ്പോഴാണ് അക്രമങ്ങളുണ്ടാകുന്നത്. മാറ്റേണ്ടവയെക്കുറിച്ച് വ്യക്തികളോടു ചർച്ച ചെയ്യുകയാണു വേണ്ടത്. മതവിശ്വാസങ്ങളിൽ ഭരണകൂടം സമ്പൂർണ നിഷ്പക്ഷത പുലർത്തിയില്ലെങ്കിൽ പരസ്പരം കലഹിച്ചു ജനജീവിതം ദുസ്സഹമാകും.

മുക്കം വി. മൊയ്തീൻകോയ ഹാജി സ്മാരക സമിതിയുടെ പുരസ്കാരദാന സമ്മേളനത്തിൽ ‘നീതിന്യായവും ജനാധിപത്യവും മതനിരപേക്ഷതയും’ എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആചാരങ്ങൾ‍ക്ക് ദൈവവുമായി ഒരു ബന്ധവുമില്ലെന്നും വ്യത്യസ്ത സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യരാണ് വിവിധ ആചാരങ്ങൾ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആധാർ പദ്ധതി കൊണ്ടുവന്നത് കഴിഞ്ഞ യുപിഎ സർക്കാരാണെങ്കിൽ നടപ്പാക്കിയത് ഇപ്പോഴത്തെ സർക്കാരാണ്. പക്ഷേ, സ്വകാര്യത മൗലികാവകാശമാണെന്നു കോടതി വിധിച്ചു. ഇപ്പോൾ തങ്ങളാണ് ആധാറിനെ എതിർത്തതെന്ന് പാർട്ടികൾ ചാടിക്കയറി പറയുന്നത് രാഷ്ട്രീയ കള്ളക്കളിയാണ്. ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്നതല്ല എന്നതാണ് നീതിന്യായ വ്യവസ്ഥയുടെ പ്രശ്നമെന്നും ചെലമേശ്വർ പറഞ്ഞു.

സമ്മേളനം ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി. മൊയ്തീൻകോയ ഹാജി സ്മാരക പുരസ്കാരം സി.പി. കുഞ്ഞുമുഹമ്മദിന് ജസ്റ്റിസ് ജെ. ചെലമേശ്വർ സമ്മാനിച്ചു. എം.കെ. രാഘവൻ എംപി അധ്യക്ഷത വഹിച്ചു. എംപി. അബ്ദുസ്സമദ് സമദാനി, മുക്കം മോയിമോൻ ഹാജി, എൻ.കെ. അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.