പരാജയത്തിൽ പതറാതെ, ഐഎസ്ആർഒ വിജയം

നാവിക് ഉപഗ്രഹവുമായി പിഎസ്എൽവി സി41 ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരുന്നു

ശ്രീഹരിക്കോട്ട∙ രണ്ടാഴ്ച മുൻപു സംഭവിച്ച ജിസാറ്റ് വിക്ഷേപണ പരാജയം ആത്മവിശ്വാസത്തെ തെല്ലും ഉലച്ചിട്ടില്ലെന്നു തെളിയിച്ച് ഐഎസ്ആർഒ. തദ്ദേശീയമായി വികസിപ്പിക്കുന്ന ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ നാവിക്കിനു വേണ്ടിയുള്ള ഒൻപതാമത്തെ ഉപഗ്രഹം ‘ഐആർഎൻഎസ്എസ്–1ഐ’ ഇന്നലെ നടത്തിയ ദൗത്യത്തിൽ വിജയകരമായി ബഹിരാകാശത്തെത്തിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്ന് ഇന്ത്യയുടെ വിശ്വസ്തവാഹനം പിഎസ്എൽവിയാണ് ദൗത്യം നിർവഹിച്ചത്. ഇതോടെ റോക്കറ്റ് ബഹിരാകാശത്തെത്തിച്ച ഇന്ത്യൻ ഉപഗ്രഹങ്ങളുടെ എണ്ണം 52 ആയി.

ജിപിഎസ്സിന്റെ ഇന്ത്യൻ പതിപ്പാകുമെന്നു കരുതപ്പെടുന്ന നാവിക് സംവിധാനത്തിനു വേണ്ടി ഏഴ് ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തുള്ളത്. ഇവയിൽ ആദ്യം വിക്ഷേപിക്കപ്പെട്ട ‘ഐആർഎൻഎസ്എസ് 1എ’യിലെ റുബീ‍ഡിയം ക്ലോക്കുകളി‍ൽ തകരാർ കണ്ടെത്തിയതിനെത്തുടർന്നു പകരമായി ‘1എച്ച് ’ 

എന്ന എട്ടാം ഉപഗ്രഹം കഴിഞ്ഞ ഓഗസ്റ്റിൽ വിക്ഷേപിച്ചിരുന്നു. എന്നാൽ വിക്ഷേപണ വാഹനത്തിന്റെ പേയ്‌ലോഡ് ഫെയറിങ് അകന്നുമാറാത്തതിനാൽ ഉപഗ്രഹം ഉള്ളിൽ കുടുങ്ങി ദൗത്യം പരാജയപ്പെട്ടു. തുടർന്നാണ് ഒൻപതാമത്തെ ഉപഗ്രഹമായ ‘ഐആർഎൻഎസ്എസ്–1ഐ’ പകരക്കാരനായി അയച്ചത്.