നക്ഷത്രങ്ങളായി വിഎസ്, ശങ്കരയ്യ

വിപ്ലവനക്ഷത്രങ്ങൾ: ഹൈദരാബാദില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പാര്‍ട്ടി സ്ഥാപകനേതാക്കളായ വി.എസ്. അച്യുതാനന്ദനെയും എന്‍. ശങ്കരയ്യയെയും ആദരിച്ചപ്പോൾ. സീതാറാം യച്ചൂരി സമീപം. ചിത്രം: മനോരമ

ഹൈദരാബാദ്∙ പാർട്ടി കോൺഗ്രസ് ഒന്നടങ്കം ഇന്നലെ കാത്തിരുന്നു, വി.എസ്.അച്യുതാനന്ദനുവേണ്ടി. ഉദ്ഘാടന സമ്മേളനം സമാപിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു ‘കാര്യപരിപാടി’ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സമ്മേളനത്തെ അറിയിക്കുന്നത്. സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെ ഈ വേദിയിൽ ആദരിക്കുന്നു. അതിൽ പ്രമുഖരായ രണ്ടുപേരെ വേദിയിലേക്കു ക്ഷണിക്കുന്നു. 1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു സിപിഎം രൂപീകരിക്കുന്നതിനു തുടക്കം കുറിച്ചു ദേശീയ കൗൺസിലിൽ നിന്നിറങ്ങിപ്പോയ 32 പേരിൽ ജീവിച്ചിരിക്കുന്ന രണ്ടു പേരായ വിഎസിനെയും എൻ.ശങ്കരയ്യയെയും.

ശങ്കരയ്യ ആദ്യം വേദിയിലെത്തി. എന്നാൽ വിഎസിനെ കാണാനില്ല. നേരത്തെ സദസിലെ മുൻനിരയിൽ തന്നെ അദ്ദേഹമുണ്ടായിരുന്നു. അന്വേഷിച്ചപ്പോൾ അൽപ്പം മുൻപു ശുചിമുറിയിലേക്കു പോയതാണ് അച്യുതാനന്ദൻ. ശേഷം വിഎസിനായുള്ള കാത്തിരിപ്പായി. ആദ്യം ശങ്കരയ്യയെ തനിച്ച് ആദരിച്ചാലോയെന്ന നിർദേശം നേതാക്കളി‍ൽ നിന്നുണ്ടായി. അതു വേണ്ടെന്നും വിഎസ് കൂടി വരട്ടെയെന്നും അടുത്തനിമിഷം തീരുമാനിച്ചു. അദ്ദേഹം ഉടൻ എത്തിച്ചേരുമെന്ന് യച്ചൂരി മൈക്കിലൂടെ അറിയിച്ചു.

മുഖത്തു നിറഞ്ഞ ചിരിയുമായി വിഎസ് വൈകാതെ വേദിയിൽ പ്രത്യക്ഷപ്പെട്ടു. മുൻനിരയിലേക്ക് എത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിഎസിനോട് ആംഗ്യം കാട്ടി. മുദ്രാവാക്യം വിളികളുയർന്നു. പഴയ സഖാവിനെ അടുത്തു കണ്ടപ്പോൾ ശങ്കരയ്യ വികാരഭരിതനായി. വിഎസിന്റെ കരം ഗ്രഹിക്കാനായി അദ്ദേഹം കൈ നീട്ടിയപ്പോൾ വേദിയും സദസും നിർന്നിമേഷമായി. പ്രത്യേകമായി അപ്പോൾ കൊണ്ടുവന്ന കസേരകളിൽ രണ്ടു നേതാക്കളുമിരുന്നു. യച്ചൂരി രണ്ടു നേതാക്കളെയും ഹാരമണിയിച്ചു. ഉപഹാരങ്ങളും കൈമാറി. വേദിയിലെ മുഴുവൻ പിബി അംഗങ്ങളും എഴുന്നേറ്റുനിന്ന് ബഹുമാനമറിയിച്ചു.

സമ്മേളന പ്രതിനിധികളല്ലാത്ത മുതിർന്ന എട്ടു മുൻ കേന്ദ്രകമ്മിറ്റി അംഗങ്ങളെയാണ് വിശിഷ്ടാതിഥികളായി പാർട്ടി കോൺഗ്രസിലേക്കു ക്ഷണിച്ചത്. കേരളത്തിൽനിന്ന് എം.എം.ലോറൻസും കെ.എൻ.രവീന്ദ്രനാഥും ആദരിക്കപ്പെട്ടവരിൽപെടും. എന്നാൽ വേദിയിലേക്കു ക്ഷണം ലഭിച്ചതു രണ്ടു സ്ഥാപകനേതാക്കൾക്കു മാത്രം.