ചരിത്രപരമായ തിരുത്ത്; ന്യൂനപക്ഷ നിലപാടിനെ പാർട്ടി നിലപാടാക്കിയ യച്ചൂരി വിജയം

സീതാറാം യച്ചൂരി

ഹൈദരാബാദ്∙ പ്രത്യക്ഷത്തിൽ തത്വാധിഷ്ഠിതമെന്നു പറയാവുന്ന നിലപാടുമായി കാരാട്ടും കൂട്ടരും; പാർട്ടി നേരിടുന്ന നിലനിൽപു ഭീഷണികൂടി കണക്കിലെടുത്തു പ്രായോഗികവാദവുമായി സീതാറാം യച്ചൂരിയു കൂട്ടരും. കോൺഗ്രസുമായി ധാരണയാവാമോ ഇല്ലയോ എന്ന സിപിഎമ്മിലെ തർക്കം പുറമെ ഇതായിരുന്നു. യച്ചൂരിപക്ഷത്തിന്റെ വാദങ്ങൾക്കാണു സ്വീകാര്യതയെന്നു കാരാട്ട്പക്ഷത്തിനു സമ്മതിക്കേണ്ടിവന്നു. രഹസ്യവോട്ടെടുപ്പുണ്ടായാൽ തങ്ങൾ പ്രതിസന്ധിയിലാകുമെന്നും അവർ വിലയിരുത്തി. അങ്ങനെയാണ്, വോട്ടെടുപ്പില്ലാതെ നിലപാടു തിരുത്താൻ കാരാട്ടുപക്ഷം തയാറായത്. 

യച്ചൂരിയുടെ അഭ്യർഥന

തന്റെ നിലപാടു പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചു യച്ചൂരി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്: ‘കാരാട്ട് അവതരിപ്പിച്ചതു കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷ നിലപാടാണ്. അതു പാർട്ടിയിലെ ഭൂരിപക്ഷ നിലപാടാണെന്ന് അർഥമില്ല’. താൻ പറഞ്ഞതാണു ശരിയെന്നു പാർട്ടി കോൺഗ്രസിലൂടെ യച്ചൂരി െതളിയിച്ചു. ജനറൽ സെക്രട്ടറി ന്യൂനപക്ഷ നിലപാടിന്റെ വക്താവാകുകയെന്ന വലിയ വെല്ലുവിളിയാണു യച്ചൂരി ഏറ്റെടുത്തത്. ജനറൽ സെക്രട്ടറി പദത്തിൽനിന്നു പുറത്താക്കപ്പെടുകയെന്ന സാധ്യത വരെ ഉൾപ്പെടുന്ന വെല്ലുവിളി.

പങ്കുള്ളവർ

യച്ചൂരിയുടെ നിലപാട് അംഗീകരിപ്പിക്കുന്നതിൽ ബിജെപിയുടെ സമീപകാല നിലപാടുകൾക്കും വലിയ പങ്കുണ്ടെന്നു യച്ചൂരിപക്ഷം വാദിക്കുന്നു. കഠ്‌വയിലെയും ഉന്നാവിലെയും പീഡനങ്ങളും ജുഡീഷ്യറിയും സർക്കാരും ചീഫ് ജസ്റ്റിസുമുൾപ്പെടുന്ന വിവാദങ്ങളുമെല്ലാം ഫാഷിസത്തെയാണു നേരിടേണ്ടതെന്ന യച്ചൂരിയുടെ വാദം ഊട്ടിയുറപ്പിക്കുന്നതാണ്. അപ്പോൾ, ബിജെപിയെ പരാജയപ്പെടുത്തി പുറത്താക്കുകയെന്ന ലക്ഷ്യത്തിനായി ഏതറ്റംവരെയും പോകണമെന്ന വാദം സ്വാഭാവികമായും സ്വീകാര്യമാകുന്നു.

കോൺഗ്രസുമായി സഖ്യവും മുന്നണിയും പറ്റില്ല, ധാരണയാവാം എന്ന യച്ചൂരിപക്ഷ നിലപാട് നിലവിൽ നടപ്പാക്കാൻ പറ്റില്ലാത്ത സംസ്ഥാനം കേരളമാണ്. ത്രിപുരയിൽ പോലും സ്ഥിതി മാറിക്കഴി​ഞ്ഞു. കോൺഗ്രസ് ബന്ധത്തെക്കുറിച്ചുള്ള ഭേദഗതി രഹസ്യ വോട്ടെടുപ്പിനു വിധേയമാക്കണമെന്നു വാദിച്ചതിൽ ഏറെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ്. ഏറെ വർഷങ്ങളായി സംഘ്പരിവാറിന്റെ സ്വഭാവം അറിയാവുന്നവർ. അവരുടെ നിലപാടു കണ്ടില്ലെന്നു നടിക്കാൻ കാരാട്ടിനും കൂട്ടർക്കും സാധിക്കുമായിരുന്നില്ല.

വിഎസ്, ദാവ്ളെ

1964ൽ സിപിഎം രൂപീകരിക്കാൻ സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്നവരിൽ അവശേഷിക്കുന്ന രണ്ടു പേരിൽ സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തിയാണ് വി.എസ്.അച്യുതാനന്ദൻ. കരട് പ്രമേയത്തിലെ കോൺഗ്രസ് വിരുദ്ധ നിലപാടിനു നൽകിയ ഭേദഗതി വോട്ടിനിടുകതന്നെ വേണമെന്ന് അദ്ദേഹം കർശന നിലപാടെടുത്തു. ഒപ്പം, സമീപകാലത്തു സിപിഎമ്മിന്റെ വലിയ നേട്ടമായി പറയുന്ന മഹാരാഷ്ട്ര കർഷക സമരത്തിന്റെ നേതാവ് അശോക് ദാവ്ളെയും യച്ചൂരിയുടെ നിലപാടിനെ പിന്താങ്ങിയതും പല പ്രതിനിധികൾക്കും ഊർജമായി.

കോൺഗ്രസ് വിരുദ്ധ നിലപാടിലൂടെ ഉദ്ദേശിക്കുന്നത് യച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കലാണെന്നതു നേരത്തെ തന്നെയുള്ള വിമർശനമാണ്. പിബി അംഗങ്ങളിൽ ചിലരുടെ സ്വകാര്യ താൽപര്യങ്ങളാണു കാരണമെന്നും ആരോപണമുണ്ടായി. നയത്തിന്റെ പേരിലുള്ള തർ‍ക്കം നേതൃത്വത്തിലെ ചില വ്യക്തികൾ തമ്മിലുള്ള തർക്കം മാത്രമാണെന്നു പ്രതിനിധികളിൽ ചിലർ വിമർശിച്ചതും കാരാട്ട്പക്ഷത്തിനു ചെറുതല്ലാത്ത പ്രഹരമായി.