ജസ്റ്റിസ് ജോസഫിനെ തഴഞ്ഞു; ഇന്ദു മൽഹോത്രയുടെ നിയമനത്തിനു നടപടി

ന്യൂഡൽഹി∙ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താനുള്ള ശുപാർശയിൽ തീരുമാനമെടുക്കാത്ത കേന്ദ്രസർക്കാർ, ഒപ്പം ശുപാർശ ചെയ്ത മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ നിയമിക്കാനുള്ള നടപടി തുടങ്ങി. ഇന്ദു മൽഹോത്രയുടെ ശുപാർശ അടങ്ങിയ ഫയൽ നിയമമന്ത്രാലയം ആഭ്യന്തര മന്ത്രാലയം വഴി ഇന്റലിജൻസ് ബ്യൂറോയ്ക്ക് (ഐബി) കൈമാറി.

കൊളീജിയം ശുപാർശ നൽകി മൂന്നു മാസത്തിനു ശേഷമാണു ജസ്റ്റിസ് കെ.എം.ജോസഫിനെ തഴഞ്ഞ് ഇന്ദുവിനെ മാത്രം നിയമിക്കാൻ നടപടി തുടങ്ങിയിരിക്കുന്നത്. കൊളീജിയത്തിന്റെ ശുപാർശകളിന്മേൽ തീരുമാനമെടുക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ സുപ്രീംകോടതി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊളീജിയത്തിലെ അംഗമായ ജസ്റ്റിസ് കുര്യൻ ജോസഫ് അടുത്തിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കു കത്തെഴുതിയിരുന്നു.

2016 ഏപ്രിലിൽ ഉത്തരാഖണ്ഡിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചു രാഷ്ട്രപതി ഭരണം ഏ‍ർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. രാഷ്ട്രപതിക്കും തെറ്റു സംഭവിക്കാമെന്ന നിരീക്ഷണത്തോടെയായിരുന്നു വിധി. ഇതിനെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നു. ഇതിനുള്ള പ്രതികാര നടപടിയായിട്ടാണു ജോസഫിന്റെ ശുപാർശയിന്മേൽ കേന്ദ്രം തീരുമാനമെടുക്കാത്തതെന്നാണു നിയമവൃത്തങ്ങൾ ആരോപിക്കുന്നത്.

സുപ്രീംകോടതിയിലേക്ക് ഉയർത്താനുള്ള ശുപാർശയ്‌ക്കു മുൻപു ജസ്റ്റിസ് കെ.എം.ജോസഫിനെ ഉത്തരാഖണ്ഡിൽ നിന്നു മദ്രാസ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാനും കൊളീജിയം ശുപാർശ ചെയ്തിരുന്നു. അക്കാര്യത്തിലും കേന്ദ്രം തീരുമാനമെടുത്തില്ല. നിലവിലുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിൽ ഏറ്റവും സീനിയറാണു ജസ്റ്റിസ് ജോസഫ്. എങ്കിലും അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി അല്ലെന്നാണു നിയമന ശുപാർശയിൽ തീരുമാനമെടുക്കാതിരിക്കുന്നതിനുള്ള കാരണമായി കേന്ദ്ര സർക്കാർ പറയുന്നത്.