തിരക്കെന്ന് ബച്ചൻ; എങ്കിൽ ഡിലിറ്റ് കൊടുക്കേണ്ടെന്ന് ബംഗാൾ ഗവർണർ

കൊൽക്കത്ത∙ ഓണററി ഡിലിറ്റ് ബിരുദം ഏറ്റുവാങ്ങാൻ ഷൂട്ടിങ് തിരക്കു മൂലം എത്താൻ കഴിയില്ലെന്ന് അറിയിച്ച ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ പേര് പട്ടികയിൽനിന്നു വെട്ടി രബീന്ദ്ര ഭാരതി സർവകലാശാല. ബംഗാൾ ഗവർണർ കേസരി നാഥ് ത്രിപാഠിയുടെ നിർദേശപ്രകാരമാണു നടപടിയെന്നു വൈസ് ചാൻസലർ സബ്യസാചി ബസു റേ ചൗധരി പറഞ്ഞു.

ചടങ്ങിൽ പങ്കെടുത്ത് ഓണററി പുരസ്കാരങ്ങൾ ഏറ്റുവാങ്ങാത്ത ആരും പട്ടികയിൽ വേണ്ടെന്നാണു ഗവർണറുടെ നിർദേശം. മേയ് എട്ടിനു നടക്കുന്ന ബിരുദസമർപ്പണ ചടങ്ങിൽ, മുൻകൂട്ടി നിശ്ചയിച്ച ഷൂട്ടിങ് പരിപാടികൾ മൂലം പങ്കെടുക്കാനാകില്ലെന്നു ബച്ചൻ അറിയിച്ചിരുന്നു.