പിഎൻബി തട്ടിപ്പ്: കണ്ടുകെട്ടിയ സ്വത്ത് വെളിപ്പെടുത്താതെ എൻഫോഴ്സ്മെന്റ്

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പാ തട്ടിപ്പുകേസ് പ്രതികളായ നീരവ് മോദിയുടെയും, അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുൽ ചോക്സിയുടെയും കണ്ടുകെട്ടിയ സ്വത്തിന്റെ വിവരം വെളിപ്പെടുത്തില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഇതു വരില്ലെന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കി. അന്വേഷണച്ചെലവ് വെളിപ്പെടുത്താനും എൻഫോഴ്സ്മെന്റ് വിസമ്മതിച്ചു.

പിഎൻബിയിൽനിന്നു 13700 കോടി രൂപ തട്ടിച്ച കേസിലെ പ്രതികളായ വജ്രവ്യാപാരികളാണ് ഇരുവരും. പിന്നീട് ഇവരുടെ സ്വത്തുകൾ കണ്ടുകെട്ടിയിരുന്നു. പുണെ സ്വദേശി വിഹാർ ധ്രുവാണു വിവരാവകാശ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചത്. വിവരാവകാശ നിയമത്തിന്റെ രണ്ടാം ഷെഡ്യൂളിലെ സെക്‌ഷൻ 24 പ്രകാരമാണ് വിവരം പുറത്തുവിടാത്തത്. ഇന്റലിജൻസ്, സുരക്ഷാ വിഭാഗങ്ങളല്ലാതെ മറ്റുള്ളവർക്ക് അഴിമതിയും മനുഷ്യാവകാശ ലംഘനവും സംബന്ധിക്കുന്ന വിവരങ്ങൾ നൽകണമെന്നു നിബന്ധനയില്ല.

തട്ടിപ്പു പുറത്താകുന്നതിനു ദിവസങ്ങൾ മുൻപുതന്നെ നീരവും ചോക്സിയും രാജ്യംവിട്ടിരുന്നു. പിന്നീട് മുംബൈയിലെ പ്രത്യേക സിബിഐ കോടതി ഇരുവർക്കും ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇടയ്ക്ക് ഇവർ ഹോങ്കോങ്ങിലുണ്ടെന്ന അഭ്യൂഹം ശക്തമായി. ഇവരെ അറസ്റ്റ് ചെയ്യാൻ കേന്ദ്രസർക്കാർ ഹോങ്കോങ് അധികൃതരുടെ സഹായവും തേടി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ജനുവരിയിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചകോടിയിൽ പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രത്തിലാണ്, അവസാനമായി നീരവ് മോദി പ്രത്യക്ഷപ്പെട്ടത്.  

വിവരം പണ്ടേ പുറത്ത്!

വിവരാവകാശ രേഖയ്ക്കു മറുപടി നൽകാൻ വിസമ്മതിച്ചെങ്കിലും കേസിൽ കണ്ടുകെട്ടിയ സ്വത്തുവിവരം നേരത്തേതന്നെ പുറത്തായിരുന്നു. 7664 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്ന വിവരം കഴിഞ്ഞ മാർച്ച് 24നു ട്വിറ്ററിലൂടെ അറിയിച്ചത് എൻഫോഴ്സ്മെന്റ് തന്നെയാണ്.