കൊടുങ്കാറ്റ്, പേമാരി; മരണം 80 കാറ്റ് രണ്ടുദിവസം കൂടി

ന്യൂഡൽഹി ∙ ഉത്തരേന്ത്യയിൽ കൊടുങ്കാറ്റിലും പേമാരിയിലും ഇടിമിന്നലിലുമായി മരിച്ചവരുടെ എണ്ണം 80 ആയി ഉയർന്നു. ഉത്തർപ്രദേശിൽ മാത്രം 51 പേരുടെ ജീവനാണു നഷ്ടപ്പെട്ടത്. ബംഗാളിൽ പതിനാലുപേരും ആന്ധ്രപ്രദേശിൽ പന്ത്രണ്ടുപേരും ഡൽഹിയിൽ രണ്ടുപേരും ഉത്തരാഖണ്ഡിൽ ഒരാളും മരണമടഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 136 പേർക്കു പരുക്കേറ്റിട്ടുണ്ട്.

വരുന്ന 48 മണിക്കൂർവരെ സമാനസാഹചര്യം തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യതലസ്ഥാന നഗരിയിൽ ഇന്നലെ ശാന്തമായ അവസ്ഥയായിരുന്നു. എന്നാൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടായി. ഉത്തർപ്രദേശിൽ 123 പേർക്കാണു പരുക്കേറ്റത്. കഴിഞ്ഞ ദിവസത്തെ കാറ്റിൽ ഡൽഹി സ്വദേശികളായ 11 പേർക്കും പരുക്കേറ്റു.

ഉത്തർപ്രദേശിലെ 24 ജില്ലകളിലാണു മഴയും കാറ്റും ആഞ്ഞടിച്ചത്. ഡൽഹിയിൽ ഉൾപ്പെടെ ഉത്തരേന്ത്യയിൽ ശക്തമായ പൊടിക്കാറ്റും വീശിയിരുന്നു. വരുംദിവസങ്ങളിൽ മണിക്കൂറിൽ 96 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു. രാജസ്ഥാനിലും യുപിയിലും കഴിഞ്ഞയാഴ്ചയുണ്ടായ പൊടിക്കാറ്റിലും കൊടുങ്കാറ്റിലും നൂറിലേറെപ്പേർ മരിച്ചിരുന്നു. കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഇടിയോടുകൂടിയ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.