Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാനെ വിറപ്പിച്ച് ‘ജെബി’ ചുഴലി; 10 മരണം, കൻസായ് വിമാനത്താവളം ഒറ്റപ്പെട്ടു

ടോക്കിയോ∙ പശ്ചിമ ജപ്പാനിൽ വീശിയടിച്ച ‘ജെബി’ ചുഴലിക്കാറ്റിൽ പത്തു മരണം. മുന്നൂറോളം പേർക്കു പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.

പ്രളയജലത്തിൽ ചുറ്റപ്പെട്ട കൻസായ് വിമാനത്താവളത്തിൽ കുടുങ്ങിയ മൂവായിരത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ ബോട്ടുകളെ ആശ്രയിക്കുന്നതായി സർക്കാർ അറിയിച്ചു. 25 വർഷത്തിനിടെ ജപ്പാനിൽ‌ വീശുന്ന ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റാണ് 'ജെബി'. കനത്തകാറ്റിലും മഴയിലും ദശലക്ഷക്കണക്കിന് വീടുകളിലെ വൈദ്യുതിബന്ധം തടസപ്പെട്ടു.

പ്രളയജലത്തിൽപ്പെട്ട കൻസായ് വിമാനത്താവളത്തിൽ കുടുങ്ങിയവരെ അതിവേഗ ബോട്ടുകളുടെ സഹായത്തോടെ  സമീപത്തെ കോബെ വിമാനത്താവളത്തിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. സെമികണ്ടക്ടറുകളുടെ കയറ്റുമതിക്കായി ജപ്പാനിലെ കമ്പനികൾ കൂടുതലായി ആശ്രയിക്കുന്ന കൻസായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം എന്നു പുനരാരംഭിക്കാനാകുമെന്നു വ്യക്തമല്ലെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിദെ സുഗ അറിയിച്ചു. ചുഴലിക്കാറ്റ് നാശം വിതച്ച ചില പ്രദേശങ്ങളിലെ റെയിൽ, റോഡ് ഗതാഗതവും തടസപ്പെട്ടു. 

JAPAN-WEATHER-TYPHOON ചുഴലിക്കാറ്റിനെത്തുടർന്ന് കൻസാസ് വിമാനത്താവളത്തിൽ കുടുങ്ങിയവർ.

ഒസാകയിൽ പ്രതിദിനം 1,35,000 ബാരൽ എണ്ണ ശുദ്ധീകരിക്കുന്ന നിപ്പോൺ ഓയിൽ ആൻഡ് എനർജി കോർപ്പറേഷന്റെ സാകെ എണ്ണ ശുദ്ധീകരണ ശാലയിലെ ഒരു യൂണിറ്റിന്റെ പ്രവർത്തനം ചുഴലിക്കാറ്റിൽ ശീതീകരണ ടവർ തകർന്നതോടെ താത്ക്കാലികമായി നിർത്തി. 

JAPAN-WEATHER-TYPHOON ചുഴലിക്കാറ്റിന് ശേഷം.

ദുരന്തം നാശം വിതച്ച കൻസായ് മേഖലയിൽ നിരവധി ചിപ്പ് നിർമ്മാണ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഫ്ലാഷ് മെമ്മറി ചിപ്പ് നിർമാണത്തിൽ ലോകത്തെ രണ്ടാമത്തെ വലിയ ഉൽപാദകരായ തോഷിബ മെമ്മറിയുടെ പ്രവർത്തനങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചു. കൻസായ് വിമാനത്താവളത്തിലൂടെ കയറ്റുമതി സാധ്യമല്ലെങ്കിൽ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കാനാണ് ശ്രമിക്കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.