ഇന്ത്യ–റഷ്യ പങ്കാളിത്തം ഉയരങ്ങളിലേക്ക്: മോദി

സോചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്ന വ്ളാഡിമിർ പുടിൻ.

സോചി (റഷ്യ) ∙ തന്ത്രപരമായി അതിസവിശേഷ പങ്കാളിത്തമെന്ന നിലയിലേക്ക് ഇന്ത്യ–റഷ്യ ബന്ധം ഉയർന്നതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള പ്രഥമ അനൗപചാരിക ഉച്ചകോടിക്ക് എത്തിയതായിരുന്നു അദ്ദേഹം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ആഗോള, മേഖലാതല വിഷയങ്ങളിൽ അഭിപ്രായഐക്യം രൂപപ്പെടുത്ത‌ുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. റഷ്യയുമായുള്ള ആദ്യ അനൗപചാരിക ഉച്ചകോടിയാണിത്. വിഷയങ്ങൾ നിശ്ചയിക്കാതെ കൂടുന്ന ഉച്ചകോടി ആറു മണിക്കൂർ നീണ്ടേക്കും. ഇറാനുമായുള്ള ആണവക്കരാറിൽ നിന്നുള്ള യുഎസ് പിന്മാറ്റം, അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും സ്ഥിതിഗതികൾ, ഷാങ്ഹായി സഹകരണ സമിതിയിലും ബ്രിക്സ് സമ്മേളനത്തിലും ചർച്ചചെയ്യാനുള്ള വിഷയങ്ങൾ, റഷ്യയ്ക്കെതിരെ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മൂലമുള്ള പ്രശ്നങ്ങൾ തുടങ്ങിയവയാണു ചർച്ചയിൽ വന്നേക്കാവുന്ന കാര്യങ്ങൾ. അഭേദ്യമായ സുഹൃദ്ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ളതെന്നു മോദി പറഞ്ഞു. അനൗപചാരിക ചർച്ചയ്ക്കു തന്നെ ക്ഷണിച്ചതിനു നന്ദി പറഞ്ഞ മോദി, ഇതുവഴി ഉഭയകക്ഷി ബന്ധത്തിൽ പുതിയൊരു അധ്യായം പുടിൻ എഴുതിച്ചേർത്തിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി.

ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി പുടിനെ കാണുന്നതെന്നും അന്നാണ് ആദ്യമായി ഒരു വിദേശനേതാവുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 2001ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയോടൊപ്പം റഷ്യ സന്ദർശിച്ച കാര്യം അനുസ്മരിച്ച മോദി, തന്റെ ജീവിതത്തിൽ റഷ്യയ്ക്കും പുടിനും പ്രത്യേക സ്ഥാനമുണ്ടെന്നും പറഞ്ഞു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ മോദിയുടെ സന്ദർശനം സഹായിക്കുമെന്നു പുടിൻ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും പ്രതിരോധമന്ത്രിമാർ തമ്മിൽ വളരെയടുത്ത സഹകരണമാണുള്ളതെന്നും അതിനാൽ തന്ത്രപ്രധാന കാര്യങ്ങളിൽ ഉന്നതതല പങ്കാളിത്തമാണുള്ളതെന്നും അദ്ദേഹം മോദിയെ സ്വാഗതം ചെയ്തു നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.