വിശ്വഭാരതിയിൽ ബംഗ്ലദേശ് ഭവൻ തുറന്നു

ശാന്തഭാവങ്ങൾ: ബംഗാളിലെ ശാന്തിനികേതനിൽ വിശ്വ ഭാരതി സർവകലാശാല ബിരുദസമർപ്പണ സമ്മേളനത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാക്കുകൾ ശ്രദ്ധിക്കുന്ന ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ചിത്രം: പിടിഐ

ശാന്തിനികേതൻ (ബംഗാൾ) ∙ ഇന്ത്യയും ബംഗ്ലദേശും രണ്ടു വ്യത്യസ്ത രാജ്യങ്ങളാണെങ്കിലും സഹകരണം, പരസ്പരധാരണ എന്നിവയാൽ അന്യോന്യം ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വഭാരതി സർവകലാശാലയുടെ 49–ാം ബിരുദസമർപ്പണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.

ബംഗ്ലദേശ്, വിശ്വഭാരതി സർവകലാശാലയുടെ ക്യാംപസിൽ പണിതീർത്ത ‘ബംഗ്ലദേശ് ഭവന്റെ’ ഉദ്ഘാടനം മോദിയും ഷെയ്ഖ ഹസീനയും ചേർന്നു നിർവഹിച്ചു. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള സാംസ്കാരിക സമന്വയത്തിന്റെ പ്രതീകമാണ് ബംഗ്ലദേശ് ഭവനെന്നും മോദി പറഞ്ഞു. ക്യാംപസിലെ ജലക്ഷാമം മൂലം വിദ്യാർഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിൽ സർവകലാശാലയുടെ ചാൻസലർ കൂടിയായ മോദി ഖേദം അറിയിച്ചു. ജലക്ഷാമത്തിനു പരിഹാരം കാണാത്തതിൽ വിദ്യാർഥികൾ ശക്തമായി പ്രതിഷേധിച്ചിരുന്നു.