ബിജെപി പ്രവർത്തകന്റെ കൊല; ആരോപണം തൃണമൂലിനെതിരെ

കൊൽക്കത്ത∙ ബംഗാളിലെ പുരുലിയയിൽ ബിജെപി പ്രവർത്തകനെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് ആണെന്നു പ്രാദേശിക ബിജെപി നേതൃത്വം ആരോപിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങളുടെ തുടർച്ചയാണ് ഇതെന്നാണു സൂചന.

ഇരുപതുകാരനായ ത്രിലോചൻ മഹാതോ ആണു കൊല്ലപ്പെട്ടത്. യുവാവ് അണിഞ്ഞിരുന്ന ടീഷർട്ടിൽ ബിജെപി പ്രവർത്തകനായതിന്റെ പേരിലാണു കൊലയെന്നു സൂചിപ്പിക്കുന്ന വാചകമുണ്ട്. തിരഞ്ഞെടുപ്പുദിനം മുതൽ നടത്തിവന്ന ശ്രമം ലക്ഷ്യം കണ്ടതായും കുറിച്ചിട്ടുണ്ട്. ഇതേവാചകങ്ങൾ കുറിച്ച കടലാസ് മൃതദേഹത്തിന്റെ കാലിലും പതിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മേഖലയിൽ തൃണമൂൽ കോൺഗ്രസിനു തിരിച്ചടിയേറ്റിരുന്നു.