പ്രവർത്തകന്റെ മൃതദേഹം വീണ്ടും; രാഷ്ട്രീയ കൊലയെന്നു ബിജെപി

കൊൽക്കത്ത ∙ ബംഗാളിലെ പുരുലിയ ജില്ലയിൽ മരത്തിൽ തൂങ്ങിയ നിലയിൽ ബിജെപി പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കകം സമാനമായ മറ്റൊരു സംഭവംകൂടി. ദാവ ഗ്രാമത്തിൽ ദുലാൽ കുമാർ (35) എന്ന ബിജെപി പ്രവർത്തകന്റെ മൃതദേഹമാണ് വൈദ്യുത ടവറിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ബൽറാംപുർ ഗ്രാമത്തിൽ ത്രിലോചൻ മഹാതോ (20) എന്ന ബിജെപി പ്രവർത്തകന്റെ മൃതദേഹമാണു രണ്ടു ദിവസം മുൻപു കണ്ടെത്തിയത്. ബിജെപിക്കുവേണ്ടി പ്രവർത്തിച്ചതിനുള്ള ശിക്ഷ എന്നു രേഖപ്പെടുത്തിയ കുറിപ്പ് മൃതദേഹത്തിൽനിന്നു ലഭിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടർന്നു തൃണമൂൽ – ബിജെപി സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്.

ദുലാലിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ആരോപിച്ചു. എന്നാൽ, ഇത് ആത്മഹത്യയാണെന്ന നിലപാടിലാണു പൊലീസ്. രണ്ടു സംഭവങ്ങളിലും സിബിഐ അന്വേഷണം വേണമെന്നു ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും രംഗത്തെത്തി. ആദ്യമരണത്തിൽ സിഐഡി അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടിരുന്നു. രണ്ടാമത്തെ സംഭവത്തെ തുടർന്നു പുരുലിയ പൊലീസ് സൂപ്രണ്ടിനെ സ്ഥലംമാറ്റി. അതേസമയം, ജാർഖണ്ഡിനോടു ചേർന്ന അതിർത്തി ജില്ലയിൽ നടന്ന സംഭവങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.