പതഞ്ജലി ഫുഡ് പാർക്ക്: നടപടി വേഗത്തിലാക്കുമെന്ന് യോഗി

ന്യൂഡൽഹി∙ യോഗഗുരു ബാബാ രാംദേവിന്റെ പതഞ്ജലി മെഗാ ഫുഡ് പാർക്കുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശം. സർക്കാർ മെല്ലെപ്പോക്കിൽ സഹികെട്ടു പദ്ധതി ഉത്തർപ്രദേശിൽ നിന്നു മാറ്റുകയാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇടപെടൽ. ഇതോടെ പാർക്ക് മാറ്റുന്നതു പുനരാലോചിക്കുമെന്നു പതഞ്ജലി അധികൃതർ വ്യക്തമാക്കി.

ഉത്തർപ്രദേശിൽ യമുന അതിവേഗപാതയോടു ചേർന്നു 6000 കോടി മുതൽ മുടക്കിൽ ഫുഡ് പാർക്ക് നിർമിക്കാനാണു പദ്ധതി. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നു സഹകരണമുണ്ടാകുന്നില്ലെന്ന ആക്ഷേപവുമായി പതഞ്ജലി സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രി ഇടപെട്ടത്.

ആചാര്യ ബാലകൃഷ്ണയുമായി അദ്ദേഹം സംസാരിക്കുകയും നടപടികൾ വേഗത്തിലാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഉദ്യോഗസ്ഥർക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും മറ്റു നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 425 ഏക്കർ സ്ഥലത്തു പാർക്ക് വരുന്നതോടെ 10,000 തൊഴിലവസരങ്ങളുണ്ടാകുമെന്നാണു കണക്കുകൂട്ടൽ.