മധ്യപ്രദേശിൽ ഹാർദിക്കിന്റെ കാറിനു നേരെ ആക്രമണം

ജബൽപുർ ∙ പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ സഞ്ചരിച്ച കാറിനു നേർക്കു മധ്യപ്രദേശിൽ ഒരുസംഘം കല്ലും മുട്ടയും ചെരിപ്പുകളും എറിഞ്ഞു. പാനഗറിൽ റാലിയിൽ പങ്കെടുക്കാൻ പോകുമ്പാഴാണു റാണിറ്റാളിലെ ബിജെപി ഓഫിസിനു സമീപം ആക്രമണമുണ്ടായത്. അക്രമികളുടെ കൈവശം തോക്കുണ്ടായിരുന്നതായി ഹാർദിക്കിനൊപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാവ് സഞ്ജയ് യാദവ് പറഞ്ഞു.

വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിക്കുമെന്നു ഹാർദിക് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ആളുകളാണ് അക്രമത്തിനു പിന്നിലെന്നു ഹാർദിക് കുറ്റപ്പെടുത്തി. സംഭവത്തിൽ ഏഴോളംപേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു.