വായ്പ കുടിശിക: 12 കമ്പനികളുടെ സ്വത്ത് ലേലത്തിന്

ന്യൂഡൽഹി∙ കിട്ടാക്കടം പെരുകിയതോടെ 12 കമ്പനികളുടെ നിഷ്‌ക്രിയ ആസ്‌തി (എൻപിഎ) ലേലം ചെയ്യാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒരുങ്ങുന്നു. ഈ കമ്പനികളുടെ മൊത്തം കിട്ടാക്കടം 1325 കോടി രൂപയിലധികം വരും.

അങ്കിത് മെറ്റൽ ആൻഡ് പവർ (കടം 690 കോടി), മോഡേൺ സ്റ്റീൽസ് (122.61 കോടി), ഗുഡ് ഹെൽത്ത് അഗ്രോടെക് (109.14 കോടി), അമിത് കോട്ടൺസ് (84.70 കോടി), ഇൻഡ്–സ്വിഫ്റ്റ് (80.49 കോടി) എന്നിവയാണ് ഇതിൽ മുന്നിലുള്ള കമ്പനികൾ. ഈ മാസം 25ന് ആണ് ഇ-ലേലം. 2.23 ലക്ഷം കോടി രൂപയാണ് മാർച്ച് 31 വരെയുള്ള എസ്ബിഐയുടെ മൊത്തം കിട്ടാക്കടം.