പ്രഭ മങ്ങുന്ന സ്മൃതി, പൊടുന്നനെ ഉദിച്ച താരകം; ഇനിയെന്ത് ?

കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെക്കാത്തിരിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രപതി പദമെന്നായിരുന്നു പ്രമുഖ ജ്യോതിഷി പണ്ഡിറ്റ് നാഥുലാല്‍ വ്യാസിന്‍റെ പ്രവചനം. രാഷ്ട്രപതിക്കുപകരം ദേശീയ അവാര്‍ഡ് സ്മൃതി  ഇറാനി നല്‍കിയതില്‍ പ്രതിഷേധിച്ച് ചടങ്ങുബഹിഷ്കരിച്ച ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രപതിയായ സ്മൃതിയുടെ കയ്യില്‍നിന്ന് അവാര്‍ഡ് വാങ്ങേണ്ടിവരുമോയെന്ന് ആര്‍ക്കറിയാം. അതെന്തായാലും സ്മൃതിക്ക് ശോഭനമായ ഭാവി പ്രവചിച്ച ജ്യോതിഷിക്ക് തെറ്റുപറ്റിയെന്ന് വിശ്വസിക്കേണ്ടിവരും കേന്ദ്രത്തില്‍ പ്രഭ മങ്ങിത്തുടങ്ങിയ സ്മൃതിയുടെ നിലവിലെ സ്ഥിതി കണ്ടാല്‍‌. വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെ ചുമതലയില്‍ നിന്ന് മാറ്റിയതിനുപിന്നാലെ സ്മൃതിയ്ക്കു പകരം പ്രകാശ് ജാവഡേക്കറിനെ ഉള്‍പ്പെടുത്തി നീതി ആയോഗ് പുനസംഘടിപ്പിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. 

ബിജെപി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ഗോപിനാഥ് മുണ്ടയുടെ പ്രേരണയില്‍ 2003ല്‍ മാത്രം ബിജെപിയില്‍ ചേര്‍ന്ന സ്മൃതിയുടെ വളര്‍ച്ച വളരെപ്പെട്ടെന്നായിരുന്നു. 'സാസ് ഭി കഭി ബഹു ഥി' എന്ന ജനപ്രിയസീരിയലില്‍ നല്ല മരുമകളായി തകര്‍ത്തഭിനയിക്കുന്നതിനിടെയായിരുന്നു ആ രംഗപ്രവേശം. പ്രമോദ് മഹാജനുമായുണ്ടായിരുന്ന അടുപ്പവും സ്മൃതിക്ക് തുണയായി. 2004ൽ ഡൽഹിയിലെ ചാന്ദ്നിചൗക് മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്റെ കപിൽ സിബലിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ ചാവേര്‍ സ്ഥാനാര്‍ഥിയാണെന്നുറപ്പിച്ചിട്ടും അവിടെ നടത്തിയ ശക്തമായ പരിശ്രമത്തിന് പാര്‍ട്ടി പ്രത്യുപകാരം ചെയ്തു. ഗുജറാത്തിൽ നിന്നുള്ള അംഗമായി 2011ൽ രാജ്യസഭയിലെത്തി.

തന്‍റെ മന്ത്രിസഭയിലേക്ക് പ്രധാനമന്ത്രി നേരിട്ട് തിരഞ്ഞെടുത്തതാണ് സ്മൃതിയെ. അന്ന്  മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. മികച്ച വിദ്യാഭ്യാസയോഗ്യതയും പ്രവര്‍ത്തനമികവുമുളള മന്ത്രിമാര്‍ക്കിടയിലേക്കെത്താന്‍ സ്മ‍ൃതിക്ക് തടസമേതുമുണ്ടായില്ല. വിദ്യാഭ്യാസയോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന തര്‍ക്കങ്ങള്‍ നടക്കുമ്പോഴും രാജ്യത്തെ മാനവവിഭവശേഷി വകുപ്പും വിദ്യാഭ്യാസവകുപ്പും സ്മൃതിയുടെ കൈവശമായിരുന്നു. വിവാദങ്ങള്‍‌ സ്മൃതിയെ വിട്ടൊഴിഞ്ഞില്ല. നിശബ്ദയായി പ്രവര്‍ത്തിക്കുന്ന സുഷമ സ്വരാജിനെപ്പോലെയല്ലായിരുന്നു സ്മൃതി. ടിവി പരമ്പരകളില്‍ നിറഞ്ഞുനിന്നിരുന്നത് ന്യൂസ് ചാനലുകളിലേക്ക് മാറിയെന്നുമാത്രം.

സ്മൃതിയുടെ തീരുമാനങ്ങള്‍ മോദി നിരസിക്കുമായിരുന്നില്ല ആവശ്യങ്ങള്‍ പിന്നെപരിഗണിക്കാനായി നീട്ടിവച്ചിരുന്നുമില്ല. നന്നായി സംസാരിക്കാനറിയുന്ന സ്മൃതിയുടെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ പലതും അതിരുവിട്ടു. ഏറ്റവുമൊടുവില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ രാഷ്ട്രപതിയെ ഒഴിവാക്കി സ്മൃതി കാട്ടിയ പിടിവാശി ബിജെപി നേതാക്കളുടെ അപ്രീതിക്ക് പാത്രമായി. വകുപ്പ്  കൈവിടേണ്ടിവന്നു. ടെക്സ്റ്റൈല്‍സ് മന്ത്രിയായി മാത്രം ഒതുങ്ങേണ്ടിവന്നു. മോദിയുടെ ഗുഡ് ബുക്കിലാണെങ്കിലും അമിത് ഷായുടേയോ ആര്‍എസ്എസിന്‍റെയോ പ്രീതി സ്മൃതിക്കില്ല. പ്രധാനമന്ത്രി തന്നെ അധ്യക്ഷനായ നീതി ആയോഗ് കമ്മറ്റിയില്‍ നിന്നും സ്മൃതിയെ മാറ്റിയത്  രക്ഷിക്കാന്‍ സഹായഹസ്തങ്ങളൊന്നും തല്‍ക്കാലമില്ലെന്നതിന്‍റെ തെളിവ് തന്നെ.