ശത്രുഘ്നൻ സിൻഹ ആർജെഡിയുടെ ഇഫ്താർ വിരുന്നിൽ

പട്ന ∙ ബിഹാറിലെ ഭരണകക്ഷിയായ ജനതാദൾ (യു) സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുക്കാതെ ബിജെപി വിമതനേതാവ് ശത്രുഘ്നൻ സിൻഹ എംപി, ആർജെഡി നേതാവ് തേജസ്വി യാദവ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. താൻ ബിജെപിയിലാണെങ്കിലും ലാലുപ്രസാദും മക്കളും തനിക്കു സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണെന്നു ശത്രുഘ്നൻ സിൻഹ പറഞ്ഞു.

പട്നയിൽ വിരുന്നിന് ആതിഥ്യം വഹിക്കേണ്ടതുകൊണ്ടാണു താൻ ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ ഇഫ്താറിൽ സംബന്ധിക്കാതിരുന്നതെന്നും ആർജെഡി രാജ്യസഭാ എംപി മനോജ് ഝാ പാർട്ടിയെ പ്രതിനിധാനം ചെയ്തു പങ്കെടുത്തെന്നും തേജസ്വി പറഞ്ഞു. തേജസ്വിയുടെ മൂത്ത സഹോദരൻ തേജ് പ്രതാപ് എംഎൽഎ, മൂത്ത സഹോദരി മിസാഭാരതി എന്നിവരും വിരുന്നിനെത്തി.

തേജ് പ്രതാപുമായി തേജസ്വി പിണക്കത്തിലാണെന്നു വാർത്ത പരന്നിരുന്നു. അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാർ സംഘടിപ്പിച്ച ജെഡിയു ഇഫ്താറിൽ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാൻ, സംസ്ഥാന ബിജെപി അധ്യക്ഷൻ നിത്യാനന്ദ് റായ് തുടങ്ങിയവർ പങ്കെടുത്തു. വിമത ആർജെഡി എംഎൽഎ മഹേശ്വർ യാദവും ജെഡിയുവിന്റെ വിരുന്നിനെത്തി.