കേന്ദ്ര നിയമന നീക്കം: എതിർപ്പുമായി ദലിത് സംഘടനകൾ

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിൽ ജോയിന്റ് സെക്രട്ടറി തസ്തികയിലേക്കു സ്വകാര്യ മേഖലയിൽനിന്നു സംവരണ തത്വം പാലിക്കാതെ നിയമനം നടത്താനുള്ള നീക്കത്തിനെതിരെ ദലിത് സംഘടനകൾ രംഗത്ത്. രാഷ്ട്രീയമായി ഒത്തുപോകുന്നവരെ നിയമിക്കാനുള്ള ശ്രമമാണു സർക്കാരിന്റേതെന്നു ദലിത്–ആദിവാസി സംഘടനകളുടെ ദേശീയ കോൺഫെഡറേഷൻ ആരോപിച്ചു.

പട്ടികവിഭാഗ പീഡന നിരോധന നിയമത്തിൽ സുപ്രീം കോടതി കൊണ്ടുവന്ന മാറ്റങ്ങൾ തിരുത്താൻ‍ അടുത്ത മാസം 31ന് അകം ഓർഡിനൻസിറക്കണമെന്നു വിവിധ പട്ടികവിഭാഗ സംഘടനകൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നടപടിയുണ്ടായില്ലെങ്കിൽ ഓഗസ്റ്റിൽ രാജ്യവ്യാപകമായി സമരത്തിനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽനിന്നുള്ള നിയമന നീക്കത്തിനെതിരെയും പ്രതിഷേധിക്കാനാണ് ആലോചന.