മനഃസാക്ഷിപ്രകാരം പ്രവർത്തിച്ചു; വിരോധം സമ്പാദിച്ചു: ചെലമേശ്വർ

ജസ്റ്റിസ് ജസ്തി ചെലമേശ്വർ

ന്യൂഡൽഹി ∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ താനുൾപ്പെടെ നാലു ജഡ്ജിമാർ വാർത്താസമ്മേളനം നടത്തി ആരോപണമുന്നയിച്ച നടപടിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വർ. ‘രാഷ്ട്രപതിയെ കണ്ടിട്ടു കാര്യമില്ലായിരുന്നു. അദ്ദേഹം സർക്കാരിന്റെ ഉപദേശാനുസരണമാണു പ്രവർത്തിക്കുന്നത്. രാജ്യം ജനാധിപത്യത്തിൽ നിലനിൽക്കണമെന്നാണ് എന്റെ ആഗ്രഹം. എന്താണു സംഭവിക്കുന്നതെന്നു രാജ്യം അറിയണമെന്നു തോന്നി. ഒപ്പമുണ്ടായിരുന്ന മൂന്നു പേരുടെയും നിലപാട് അതായിരുന്നു. മനസ്സാക്ഷിക്കു ശരിയെന്നു തോന്നിയതാണു ചെയ്തത്. അതു തെറ്റെന്നോ ശരിയെന്നോ പൊതുസമൂഹവും ഭാവിതലമുറയും വിലയിരുത്തും. പ്രത്യാഘാതങ്ങൾ മുന്നിൽക്കണ്ടു തന്നെയായിരുന്നു നടപടി’ – ‘മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

വ്യകതിപരമായ നേട്ടത്തിനാണു ജസ്റ്റിസ് ചെലമേശ്വർ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. ‘എന്തു നേട്ടം? എത്രയോ പേരുടെ വിരോധം സമ്പാദിച്ചു. സഹപ്രവർത്തകരിൽ പലരും ഇടപെടലിൽ‍ ഒൗപചാരികത കൊണ്ടുവന്നു. ‘പ്രതിദിനം – ഒരു കോടി’ ഗണത്തിൽ പെടുന്ന അഭിഭാഷകരുടെ വിരോധം ഞാൻ നേടി. ജുഡീഷ്യറിയിൽ വലിയ തിരുത്തലുകൾ വേണമെന്നു വാദിച്ച ചില മുതിർന്ന അഭിഭാഷകർ പോലും ഞങ്ങളെ വിമർശിച്ചു. ഞങ്ങൾ ജുഡീഷ്യറിയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു. ഞങ്ങൾ ജുഡീഷ്യറിയെ തകർത്തില്ല.’

കൊളീജിയവും സർക്കാരും

‘സർക്കാർ ശരിയായ രീതിയിൽ തീരുമാനങ്ങളെടുത്തിരുന്നുവെങ്കിൽ ജഡ്ജി നിയമനത്തിനുള്ള കൊളീജിയം സംവിധാനം നിലവിൽ വരില്ലായിരുന്നു. ചീഫ് ജസ്റ്റിസുമായി ആലോചിക്കാതെ പോലും നിയമനങ്ങളുണ്ടായി. കോൺഗ്രസ് നേതാവായിരുന്ന അർജുൻ സിങ്ങിനെതിരെ വിധിയെഴുതിയെന്ന പേരിൽ മധ്യപ്രദേശിൽ ഒരു ജഡ്ജിയെ സ്ഥിരപ്പെടുത്താൻ സർക്കാർ തയാറായില്ല. അത്തരം നടപടികളുടെ പശ്ചാത്തലത്തിലാണ് കൊളീജിയം സംവിധാനം പുനഃസ്ഥാപിച്ച ‘രണ്ടാം ജഡ്ജസ് കേസ്’ വിധി വന്നതെന്നു ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു. ജഡ്ജി നിയമനത്തിൽ സ്വജനപക്ഷപാത ആരോപണമുണ്ട്. അതൊക്കെ തീരുമാനങ്ങളെടുക്കുന്നവരെ ആശ്രയിച്ചിരിക്കും. ഏറ്റവും മികച്ച സംവിധാനത്തിലും ക്രമക്കേടും ദുരുപയോഗവും സാധ്യമാണ്. കൊളീജിയത്തിനും പിഴവുണ്ടായിട്ടുണ്ട്. ഭരണഘടനയുടെ അന്തസ്സത്തയ്ക്കു നിരക്കുന്ന രീതിയിലാകണമെങ്കിൽ, കൊളീജിയത്തിന്റെ നടപടികൾ സുതാര്യമാകണം.’

ബന്ധുബലമുള്ള അഭിഭാഷകർ

ബെഞ്ചിലെ ബന്ധുബലംകൊണ്ട് അഭിഭാഷകർക്കു താൽക്കാലിക വിജയമുണ്ടാകാമെങ്കിലും ഏറെക്കാലം മുന്നോട്ടുപോകാനാവില്ല. ജഡ്ജിമാരുടെ മക്കളുടെ കാര്യത്തിലടക്കം ഇതാണു കാണുന്നത്. അഴിമതിക്കാരനായ ഒരു ജഡ്ജിക്കു പിന്നിൽ അഴിമതിക്കാരായ രണ്ട് അഭിഭാഷകരുണ്ടാകുമെന്ന് തന്റെ സുഹൃത്തായിരുന്ന ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ബിലാൽ നസ്കിയുടെ വാക്കുകൾ കടമെടുത്ത് ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു. ‘ജസ്റ്റിസ് നസ്കിക്കു ചീഫ് ജസ്റ്റിസായി രണ്ടു ദിവസമാണു ലഭിച്ചത്. ഖുദുസി മാസങ്ങളോളം അവിടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്നു.’

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതിയിൽ ജഡ്ജിയാക്കണമെന്നു വാദിച്ചതു വ്യക്തിബന്ധത്തിന്റെ പേരിലല്ല. അദ്ദേഹത്തപ്പോലെ കഴിവുള്ളവർ വരുന്നതു നീതിന്യായ വ്യവസ്ഥയെ ബലപ്പെടുത്തും.

ജാമ്യ ഹർജി കേൾക്കേണ്ടത് സുപ്രീം കോടതിയിലല്ല

‘സുപ്രീം കോടതിയിലെ ഫീസ് സാധാരണക്കാർക്കു താങ്ങാവുന്നതല്ല. ജില്ലാ കോടതിയിൽ ജാമ്യം ലഭിച്ചില്ലെങ്കിൽ സമ്പന്നർ സുപ്രീം കോടതിയെ വരെ സമീപിക്കും. ജാമ്യം കൊടുക്കാനുള്ള കോടതിയാവണോ ഭരണഘനാ കോടതിയായും ഫെഡറൽ തർക്കങ്ങൾ പരിഹരിച്ചും പോകണോ എന്നതാണു ചോദ്യം. ജാമ്യ ഹർജികൾ‍ സുപ്രീം കോടതിയിൽ പരിഗണിക്കാൻ പാടില്ല – ഹൈക്കോടതിയിൽ അവസാനിപ്പിക്കണം. അതിനുവേണ്ട വ്യവസ്ഥയുണ്ടാക്കാൻ ഇച്ഛാശക്തി കാണിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. ഏതെങ്കിലും സംസ്ഥാനത്തെ ഒരു പഞ്ചായത്തിൽ ആരായിരിക്കണം പ്രസിഡന്റ് എന്നതു രാജ്യത്തെ പൊതുവായി ബാധിക്കുന്നൊരു വിഷയമല്ല.

എന്നാൽ, അതു സുപ്രീം കോടതിയിലെത്തുന്നു എന്നതാണു സ്ഥിതി. കേസ് വലിച്ചുനീട്ടുന്നതാണു ലാഭകരമെന്നു കരുതുന്നവരാണ് പല വ്യവ ഹാരികളും’. ഒരു കേസിൽ വിജയ് മല്യയിൽനിന്നു ചെലവു തുകയായി 10 ലക്ഷം രൂപ ഈടാക്കാൻ താൻ നിർദേശിച്ചതിനോട് വിയോജിച്ചവരുമുണ്ടെന്നു ജസ്റ്റിസ് ചെലമേശ്വർ വിശദീകരിച്ചു.