ഇന്ത്യ കുതിപ്പിൽ: രാഷ്ട്രപതി

ന്യൂഡൽഹി∙ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണെന്നും അടുത്ത ദശകത്തിൽ, അത് അസൂയാവഹമായ നില കൈവരിക്കുമെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ)യുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഒരേസമയം നികുതിദായകരുടെയും രാജ്യത്തെ നികുതി ഘടനയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നവരാകണമെന്നു രാഷ്ട്രപതി പറഞ്ഞു. ചാർട്ടേഡ് അക്കൗണ്ടന്റുമാർ രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം സംരക്ഷിക്കുന്ന ഡോക്ടറന്മാരാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിട്ടുണ്ടെന്നു ചടങ്ങിൽ പ്രസംഗിച്ച കേന്ദ്ര കോർപറേറ്റ്കാര്യ സഹമന്ത്രി പി.പി.ചൗധരി ചൂണ്ടിക്കാട്ടി.