ബാലവേല ചെയ്യുന്നു 2.3 കോടി കുട്ടികൾ; പ്രായപൂർത്തിയാകും മുൻപേ വിവാഹിതരായത് 92 ലക്ഷം കുട്ടികൾ

ന്യൂഡൽഹി∙ ഇന്ത്യയിൽ ബാലവേല ചെയ്യുന്നത് 2.3 കോടി കുട്ടികൾ. ഇവരിൽ 1.9 കോടി കുട്ടികളും പഠനം ഇടയ്ക്കുവച്ചു നിർത്തേണ്ടി വന്നവരാണ്. ചൈൽഡ് റൈറ്റ്സ് ആൻഡ് യു എന്ന സംഘടന നടത്തിയ പഠനത്തിലാണ് 15– 18 പ്രായമുള്ള 2.3 കോടി കുട്ടികൾ ബാലവേല ചെയ്യുന്ന വിവരം പുറത്തുവന്നത്. 92 ലക്ഷം പെൺകുട്ടികൾ 18 വയസാകും മുൻപേ വിവാഹിതരായവരാണെന്നും അതിൽ 24 ലക്ഷം പേർ പ്രായപൂർത്തിയാകാത്ത അമ്മമാരാണെന്നും പഠനത്തിൽ വ്യക്തമായി. ബാലവേലയും ശൈശവ വിവാഹവും രാജ്യത്ത് നിയമവിരുദ്ധമാണ്. തട്ടിക്കൊണ്ടു പോകലിനും മാനഭംഗത്തിനും ഇരയാകുന്നവരിൽ 60 ശതമാനം 15– 18 പ്രായമുള്ളവരാണ്. കുടുംബത്തിന്റെ ചുമതല ഏൽക്കേണ്ടി വന്നതു മൂലമാണ് ഭൂരിപക്ഷത്തിനും പഠനം ഉപേക്ഷിക്കേണ്ടി വന്നതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും നിയമഭേദഗതി വേണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.