സ്കൂളുകളിലെ ഓൾ പ്രമോഷന് കടിഞ്ഞാണിട്ട് കേന്ദ്ര ബിൽ

ന്യൂഡൽഹി ∙ സ്കൂളുകളിലെ ‘ഓൾ പ്രമോഷൻ’ നയത്തിനു കടിഞ്ഞാണിടുന്ന ബിൽ ലോക്സഭ പാസ്സാക്കി. എന്നാൽ അഞ്ച്, എട്ട് ക്ലാസുകളിൽ കുട്ടികളെ തോൽപിക്കാതെ കയറ്റിവിടുന്ന രീതി തുടരണമോ വേണ്ടയോ എന്നു സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാമെന്നു കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ ലോക്സഭയിൽ വ്യക്തമാക്കി. നിലവിലുള്ള വിദ്യാഭ്യാസ അവകാശ ചട്ടം അനുസരിച്ച് എട്ടാം ക്ലാസ്സുവരെ ഒരു കുട്ടിയെയും തോൽപിക്കാൻ പാടില്ല. ഈ ആർടിഇ ആക്ട് ഭേദഗതി ചെയ്യുന്ന ബില്ലാണ് ഇപ്പോൾ പാസ്സാക്കിയിരിക്കുന്നത്.

ബില്ലനുസരിച്ച് അഞ്ച്, എട്ട് ക്ലാസ്സുകളിൽ കൃത്യമായ പരീക്ഷ നടത്തണം. കുട്ടി പരാജയപ്പെട്ടാൽ രണ്ടു മാസത്തിനകം വീണ്ടും പരീക്ഷ നടത്തി അവസരം നൽകണമെന്നു ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്നത്തേതു തകർന്ന വിദ്യാഭ്യാസ സമ്പ്രദായമാണ്. ഉച്ചഭക്ഷണം മാത്രം നൽകാനുള്ള സ്ഥലമായി മാറിയിരിക്കുന്നു സ്കൂളുകൾ. സ്കൂളുകളിൽ വിദ്യാഭ്യാസവും പഠനവും തിരിച്ചു കൊണ്ടുവരാൻ വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ സഹായിക്കുമെന്നും മന്ത്രി പ്രത്യാശിച്ചു. എന്നാൽ, ബില്ലിനു വേണ്ടത്ര വ്യക്തതയില്ലെന്നു ചർച്ചയിൽ പങ്കെടുത്ത കെ.സി.വേണുഗോപാൽ എംപി ചൂണ്ടിക്കാട്ടി.