മുസഫർപുർ പീഡനം സിബിഐ അന്വേഷിക്കും; പീഡനത്തിനിരയായത് 29 അന്തേവാസികൾ

പട്ന ∙ മുസഫർപുർ ഷെൽട്ടർ ഹോം അന്തേവാസികളായ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിന്റെ അന്വേഷണം സിബിഐക്കു വിടാൻ ബിഹാർ സർക്കാർ തീരുമാനിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്നാണു തീരുമാനം. സംസ്ഥാന മന്ത്രിയുടെ ഭർത്താവിനെതിരെയും സംഭവവുമായി ബന്ധപ്പെട്ട് ആരോപണമുയർന്നിരുന്നു.

ഷെൽട്ടർ ഹോമിലെ 29 പേർ ചൂഷണത്തിനിരയായെന്നു തെളിഞ്ഞിരുന്നു. കേസന്വേഷണം സിബിഐക്കു കൈമാറാൻ മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശം നൽകി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ സിബിഐ അന്വേഷണത്തിനു തയാറാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സാമൂഹിക ക്ഷേമമന്ത്രി മഞ്ജു വർമയുടെ ഭർത്താവ് ചന്ദേശ്വർ വർമയെ സംരക്ഷിക്കാനാണു കേസിൽ തന്റെ ഭർത്താവിനെ ബലിയാടാക്കുന്നതെന്നു കേസിലെ പ്രതി ജില്ലാ ശിശുസംരക്ഷണ ഓഫിസർ രവി റോഷന്റെ ഭാര്യ ഷിബാ കുമാരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.