കശ്മീരിൽ രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗർ∙ ജമ്മു–കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. റാഫിയാബാദിലെ ദുർസൂ മേഖലയിൽ ഭീകരർ ഒളിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു നടത്തിയ തിരച്ചിലിനെ തുടർന്നായിരുന്നു ഏറ്റുമുട്ടലെന്നു പൊലീസ് അറിയിച്ചു. മരിച്ച ഭീകരരെ തിരിച്ചറി‍‍ഞ്ഞിട്ടില്ല. അതിനിടെ, ദക്ഷിണ കശ്മീരിലെ ഷോപ്പിയൻ ജില്ലയിൽ സുരക്ഷാഭടന്റെ തോക്കു കവർന്നശേഷം ഭീകരർ ബാങ്ക് കൊള്ളയടിച്ചു. ജമ്മു–കശ്മീർ ബാങ്കിന്റെ കപ്രാൻ ശാഖയിൽ നിന്നാണു ഭീകരർ പണം കവർന്നത്.