ജാർഖണ്ഡിൽ ഡാമിന് തൃണമൂൽ നിറം; പണി തടഞ്ഞ് ബിജെപി

മസൻജോർ ഡാമിന് നീലയും വെള്ളയും ചായമടിച്ചപ്പോൾ.

റാഞ്ചി∙ അസം പൗരത്വപ്രശ്നത്തിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും കൊമ്പുകോർക്കുന്നതിനിടെ ഡാമിനു പാർട്ടി പതാകയുടെ നിറം പൂശിയെന്നാരോപിച്ച് ബിജെപി പ്രവർത്തകർ തൊഴിലാളികളെ വിരട്ടിയോടിച്ചു. ജാർഖണ്ഡിലെ പ്രശസ്തമായ മസൻജോർ ഡാമിനു തൃണമൂൽ പതാകയുടെ നിറമായ നീലയും വെള്ളയും നൽകിയെന്നാരോപിച്ചാണ് ജോലി തടസ്സപ്പെടുത്തിയത്.

മയൂരാക്ഷി നദിയിലെ ഡാമിന്റെ സംരക്ഷണച്ചുമതല ബംഗാൾ സർക്കാരിനാണെങ്കിലും അണക്കെട്ട് സ്ഥിതിചെയ്യുന്നതു ജാർഖണ്ഡിലാണ്. മമത സർക്കാരിന്റെ നിറം ജാർഖണ്ഡിൽ വേണ്ടെന്ന മുദ്രാവാക്യവുമായി ഡുംകയിലെ നൂറുകണക്കിനു ബിജെപി പ്രവർത്തകർ ഡാം പരിസരത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.

ബംഗാളുമായി വെള്ളം പങ്കുവയ്ക്കുന്നുണ്ടെങ്കിലും നിറം പങ്കുവയ്ക്കേണ്ടെന്നും തങ്ങളുടെ സ്വത്തിൽ അവരുടെ നിറം ചാർത്താൻ അനുവദിക്കില്ലെന്നും ബിജെപി ഡുംക ജില്ലാ പ്രസിഡന്റ് നിവാസ് മണ്ഡൽ പറഞ്ഞു. ഡാമിന്റെ നിറം മാറ്റണമെന്നും പഴയ നിറമായ വെള്ളയും ചുവപ്പും പുനഃസ്ഥാപിക്കണമെന്നും ബംഗാളിനോട് ആവശ്യപ്പെട്ടതായി ബിജെപി നേതാക്കൾ വ്യക്തമാക്കി. ഇതംഗീകരിച്ചില്ലെങ്കിൽ തൊഴിലാളികളെ ഡാം പരിസരത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്നും കാവലിനായി പ്രവർത്തകരെ നിയോഗിച്ചതായും നേതാക്കൾ പറഞ്ഞു.

ഡുംകയിലെ മയൂരാക്ഷി നദിയിൽ 1995ലാണ് മസൻജോർ ഡാം നിർമിച്ചത്. സംരക്ഷണം, വെള്ളം പങ്കിടൽ തുടങ്ങിയ കാര്യങ്ങളിൽ ഇരുസംസ്ഥാനങ്ങളും ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഡാമും പരിസരവും മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗാൾ സർക്കാർ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു.