ഐഎസ് ബന്ധം: രണ്ടു യുവാക്കൾ അറസ്റ്റിൽ

ഹൈദരാബാദ് ∙ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി(ഐഎസ്) ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു യുവാക്കളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മുഹമ്മദ് അബ്ദുല്ല ബാസിത് (24), മുഹമ്മദ് അബ്ദുൽ ഖാദീർ (19) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുവർഷം മുൻപ് ഐഎസിനു വേണ്ടി ഇന്ത്യയിൽ ഭീകരപ്രവർത്തനത്തിനു യുവാക്കളെ കണ്ടെത്താനും പരിശീലിപ്പിക്കാനും എത്തിയ മൂന്നുപേരെ നാഗ്പുർ വിമാനത്താവളത്തിൽ ഇവർ ബന്ധപ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു.

ഷെയ്ഖ് അഷർ ഉൽ ഇസ്‌ലാം, മുഹമ്മദ് ഫർഹാൻ ഷെയ്ഖ്, അഡ്നാൻ ഹസൻ എന്നിവരാണ് അന്നു പിടിയിലായത്. ഇവരിൽ അഷർ ഉൽ ഇസ്‌ലാം, മുഹമ്മദ് ഫർഹാൻ എന്നിവരെ കോടതി ഏഴുവർഷം തടവിനു വിധിക്കുകയും ചെയ്തു. അഡ്നാൻ ഹസനെതിരായ വിചാരണ പൂർത്തിയായിട്ടില്ല. ഈ മാസം ആറിനു ഹൈദരാബാദിൽ ഏഴിടത്തു നടത്തിയ റെയ്ഡിലാണു ബാസിതിന്റെയും ഖാദീറിന്റെയും ഭീകരബന്ധം വ്യക്തമായതെന്നും എൻഐഎ വ്യക്തമാക്കി.