കുറ്റിക്കാട്ടിലെ പൊതിക്കെട്ടിൽ മനുഷ്യശരീരമല്ല

കൊൽക്കത്ത ∙ ബംഗാളിൽ ദക്ഷിണ കൊൽക്കത്തയിലെ ഹരിദേബ്പുരിൽ കുറ്റിക്കാട്ടിൽ നിന്നു ലഭിച്ച പൊതിക്കെട്ടുകളിൽ മനുഷ്യശരീരത്തിന്റെ അംശം കണ്ടെത്താൻ ഡോക്ടർമാർക്കു കഴിഞ്ഞില്ല. 14 ഗർഭസ്ഥ ശിശുക്കളുടെ മൃതദേഹം കിട്ടിയെന്നായിരുന്നു ആദ്യറിപ്പോർട്ടുകൾ. ഫൊറൻസിക് പരിശോധന കൂടി കഴിഞ്ഞേ അന്തിമസ്ഥിരീകരണം ഉണ്ടാവൂ. പെൺഭ്രൂണഹത്യയാണെന്നും സമീപത്തുള്ള ആശുപത്രികളിൽ ഗർഭഛിദ്രം നടത്തിയശേഷം കുറ്റിക്കാട്ടിൽ കൊണ്ടിട്ടതാണെന്നുമായിരുന്നു ആദ്യസംശയം. രാസവസ്തുക്കൾ ചേർത്തു പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് ഇവ കിടന്നിരുന്നത്.

സ്വകാര്യ കെട്ടിടനിർമാണ കമ്പനിയുടെ നാലേക്കർ വസ്തുവിലുള്ള കുറ്റിക്കാട്ടിൽനിന്നാണു ഇവ കിട്ടിയത്. തുടർന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള നഴ്സിങ് ഹോമിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.